കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
1490278
Friday, December 27, 2024 6:38 AM IST
കാട്ടാക്കട : കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കള്ളിക്കാട് മൈലക്കര ഏറെകോണം ശാലോമിൽ സജീവ് കുമാർ (54), മൈലക്കര കാണികോണം രജി ഭവനിൽ ചന്ദ്രൻ (66) എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാവിലെ ആറിന് കള്ളിക്കാട് ഭാഗത്താണ് സംഭവം.
രണ്ടു ബൈക്കുകളിലായി പോകുകയായിരുന്ന ഇവർക്ക് അഞ്ചു മിനിട്ടിന്റെ ഇടവേളയിൽ ആണ് അപകടം. എതിരേ വരികയായിരുന്ന കാട്ടുപോത്ത് ബൈക്കുകളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. പരുത്തിപ്പള്ളി വനംവകുപ്പ് ആർഓയുടെ നേതൃത്വത്തിൽ ആർആർടി സംഘം സംഭവസ്ഥലത്തെത്തി.
അധികൃതർ ഇടപെട്ട് ചികിത്സ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകാനുള്ള നിർദേശവും നൽകി. പരാക്രമം കാണിച്ച കാട്ട്പോത്ത് ഉൾക്കാട്ടിലേക്ക് പോയി.
നെട്ടുകാൽത്തേരി തുറന്ന ജയിലിലെ സമീപത്തെ നെയ്യാർ കാടുകളിൽ നിന്നാണ് കാട്ടുപോത്ത് പ്രദേശത്തേക്ക് ഇറങ്ങിയത് എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ വെട്ടുകാൽത്തേരി ജയിൽ അധീനതയിൽ ഉള്ള പ്രദേശത്തെ കാട് വെട്ടി തെളിക്കാൻ കത്ത് നൽകും എന്ന് പരുത്തിപ്പള്ളി ആർഓ പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് വനം വകുപ്പ് അധികൃതർ പരിക്കേറ്റവരുടെ വീടുകളിൽ വീണ്ടും സന്ദർശനം നടത്തും.