ക്രിസ്മസ് പുലരിയിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു; സ്നിഗ്ദ്ധ
1490267
Friday, December 27, 2024 6:28 AM IST
തിരുവനന്തപുരം: ക്രിസ്മസ് പുലരിയിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ച മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് സ്നിഗ്ദ്ധ എന്നു പേരിട്ടു. ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിന്റ പേരിനായി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2,400 ലധികം പേർ, മാധ്യമ പ്രവർത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ പേരുകൾ നിർദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അർത്ഥ ഗംഭീരമായിരുന്നു.
ഇതിൽ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില... അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകൾ... അതുകൊണ്ടാണ് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താൻ തീരുമാനിച്ചത്.
ശിശുക്ഷേമ സമിതിയിൽ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്. മന്ത്രി വീണാ ജോർജ് ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. നിർദേശിക്കപ്പെട്ട മറ്റു പേരുകൾ ശിശുക്ഷേമ സമിതിയിൽ ലഭിക്കുന്ന മറ്റു കുഞ്ഞുങ്ങൾക്ക് ഇടുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. കുഞ്ഞുങ്ങൾക്കു നൽകുന്ന കരുതലിനും സംരക്ഷണത്തിനും സ്നേഹത്തിനും ശിശുക്ഷേമ സമിതിയെ മന്ത്രി അഭിനന്ദിച്ചു. പേരുകൾ നിർദേശിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.