കൊച്ചുവേളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ വന്‍ തീപിടിത്തം
1490513
Saturday, December 28, 2024 6:26 AM IST
വലിയതുറ: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ സോണില്‍ ടെറ്റാനിയത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ഹസീന കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം.
വ്യാഴാഴ്ച രാത്രി 10നായിരുന്നു തീപിടിത്തമുണ്ടായത്. സ്ഥാപനത്തിലെ മേല്‍ക്കൂര ഏറെക്കുറെ കത്തി നശിച്ചു. നിര്‍മാണത്തിലായിരുന്ന ഉത്പന്നങ്ങളും കത്തി നശിച്ചു. സംഭവം നടന്നയുടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ചാക്ക ഫയര്‍ സ്റ്റേഷനിലും തിരുവനന്തപുരം ഫയര്‍ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ ചാക്ക നിലയത്തില്‍ നിന്നും നാല് യൂണിറ്റും തിരുവനന്തപുരം നിലയത്തില്‍ നിന്നും മൂന്നു യൂണിറ്റുമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടിത്തമുണ്ടാകാനുള്ള സാഹചര്യം വ്യക്തമല്ല. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥാപനത്തില്‍ വന്‍ തീപിടിത്തം നടന്നിരുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന് ഓഫീസര്‍മാരായ നിധിന്‍രാജ് , കെ.എന്‍. ഷാജി, എഎസ്ടിഒ സതീഷ്കുമാര്‍, ചാക്ക നിലയത്തിലെ എഎസ്ടിഒ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.