നമ്മൾ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണോ എന്ന് സംശയം തോന്നിക്കുന്ന കാര്യങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ മുമ്പിൽ ജനപ്രതിനിധികൾ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഗർവോടെ പുറംതിരിഞ്ഞു നിൽക്കുന്നത് സർവസാധാരണമായി.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അധികൃതർ സുപ്രീംകോടതി പറഞ്ഞാലും അനുസരിക്കാത്ത അഹംഭാവത്തിലാണ്. ഉയർന്ന പെൻഷൻ നൽകാൻ സുപ്രീംകോടതി വിധിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു.
നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ ഹൈവേ വികസനത്തിന്റെ പേരിൽ സ്വന്തം വീട്ടിലേക്കുള്ള വഴിവരെ മാന്തിപൊളിച്ചിട്ട് അത് മൂടുന്നില്ല. അവരുടെ പരാതി കേട്ടെന്നു നടിക്കുന്നതു പോലുമില്ല. അതത് പഞ്ചായത്തിലെ ആളുകളുടെ കൈയിൽനിന്ന് ടോൾ പിരിക്കരുതെന്ന് എംഎൽഎയും മന്ത്രിയും ആവശ്യപ്പെട്ടിട്ടും ഹൈവേ അഥോറിറ്റി അനുസരിക്കുന്നില്ല.
റെയിൽവേ അധികൃതർ തിരക്കേറിയ റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കാനോ മുതിർന്നവർക്കുള്ള ആനുകൂല്യം പുനഃസ്ഥാപിക്കാനോ തയാറല്ല. ലോകവിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇവിടെ പെട്രോളിനും ഡീസലിനും വില കൂട്ടുകയാണ്. നാം തെരഞ്ഞെടുക്കുന്ന എംഎൽഎയ്ക്കും എംപിക്കും യാതൊരു വിലയുമില്ലെങ്കിൽ ജനങ്ങൾ ഇത്തരം സിഇഒമാരെ നേരിട്ട് തിരഞ്ഞെടുത്താൽ പോരെ? ജനങ്ങൾ ആവശ്യപ്പെടുന്നത് അവർ അനുസരിക്കുമെങ്കിൽ.
അപ്പോഴാണ് നിയമസഭയെയും മന്ത്രിസഭയെയും അനുസരിക്കാത്ത ഗവർണർമാർ വാർത്തകളിൽ നിറയുന്നത് . സുപ്രീംകോടതി പറയാതെ പറഞ്ഞ ഒരു കാര്യമുണ്ട്. ഗവർണർ ‘ഗർവ’ണർ ആകേണ്ടതില്ല!! എല്ലാ ഭരണാധികാരികളോടും ചോദിക്കാനുള്ളതും ഇതുതന്നെ ഗർവ് മാറ്റിവച്ച് ജനസേവനത്തിനായി പ്രവർത്തിച്ചുകൂടെ?
ആർ. രാധാകൃഷ്ണൻ പാലക്കാട്