മാലിന്യമുക്ത കേരളം പദ്ധതിക്ക് വിജയാശംസകൾ നേരുന്നു. മാലിന്യമുക്ത കേരളം നടപ്പാക്കുന്നതിന്റെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്യാനും ശുചീകരണം നടത്താനും നമുക്കു കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്.
എന്നാൽ, ഒറ്റത്തവണ ശുചീകരണംകൊണ്ട് മാലിന്യമുക്ത പ്രഖ്യാപനം നടത്തി നമ്മുടെ നാട്ടിലെ മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകുമോ? പ്രഖ്യാപനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ നമുക്ക് പൂർണമായി നീക്കാനായോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലെ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നത് തുടർപ്രവർത്തനമാകുന്പോൾ മാത്രമേ മാലിന്യമുക്ത കേരളം എന്ന് നമുക്ക് അവകാശപ്പെടാനാകൂ.
ഇതിനായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ വാർഡുകൾ കേന്ദ്രീകരിച്ചു തന്നെ പഞ്ചായത്ത് അംഗത്തിന്റെയോ വാർഡ് കൗണ്സിലർമാരുടെയോ ചുമതലയിൽ മാലിന്യമുക്ത സമിതി രൂപീകരിക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ നടപടിയെടുക്കുകയും വേണം.
മാലിന്യങ്ങളിൽ ഏറെ പങ്കും പ്ലാസ്റ്റിക് എന്ന വില്ലനാണ്. ഇതിനെ ഉന്മൂലനം ചെയ്യാതെ മാലിന്യമുക്ത കേരളം സാധ്യമോ? കേവലം പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് പ്ലേറ്റുകളും പ്ലാസ്റ്റിക് കവറുകളും മാത്രം നിരോധിച്ചാൽ എങ്ങനെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനാകും. അതിനാൽ ബോട്ടിലുകളും ഭക്ഷണ കണ്ടെയ്നറുകളും പ്ലാസ്റ്റിക് രഹിത ഉത്പന്നംകൊണ്ട് നിർമിക്കണം. കുടിവെള്ളം കുപ്പികളിൽ വിൽക്കുന്നതിന് പകരമായി കുടിവെള്ളവിതരണ ബങ്കുകൾ തുടങ്ങണം. എങ്കിൽ മാത്രമേ പ്ലാസ്റ്റിക് മുക്ത കേരളമെന്ന സങ്കൽപ്പത്തിന് വിജയം കാണാനാകൂ.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി