ദില്ലിയിലെ ഓട തകർന്നു കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തവും ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തവും എല്ലാവരും മറന്നുകഴിഞ്ഞു. കേരളം മുഴുവൻ വികസനം വരുത്താൻ എല്ലാ ദേശീയ, സംസ്ഥാന പാതകളുടെ വീതികൂട്ടലും മേൽപ്പാത, അടിപ്പാത നിർമാണങ്ങളും തകൃതിയായി നടക്കുന്നു. ഇപ്പോൾ മഴക്കാലമായതോടെ ‘റോഡും തോടും ഒന്നാക്കൽ’ പദ്ധതി പെട്ടെന്ന് നടപ്പിലാക്കിയതുപോലെയാണ് എല്ലാ റോഡുകളും!
ഒരു പാതയും നിർമിക്കുന്നത് ശാസ്ത്രീയമായല്ല എന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും.റോഡിന്റെ ടോപ്പോഗ്രഫി മനസിലാക്കാതെ പൈപ്പിടൽ, ഓടനിർമാണം തുടങ്ങിയവ നടപ്പിലാക്കുമ്പോൾ ഒരു വിദഗ്ധനും അതുവഴി തിരിഞ്ഞുനോക്കാറില്ല. ഇതരസംസ്ഥാന തൊഴിലാളികൾ ഏതുവിധത്തിൽ ചെയ്യുന്നുവോ അതിന് തുല്യം ചാർത്തുക എന്ന ‘ഭാരിച്ച’ ചുമതല മാത്രമേ വിദഗ്ധർക്കുള്ളൂ. കാലവർഷം എത്തുമ്പോൾ വെള്ളം അതിന് തോന്നുംപോലെ ഒഴുകും എന്ന ഒഴുക്കൻമട്ടിലാണ് എല്ലാ അധികാരികളും പരിഹാസരൂപേണ പ്രതികരിക്കുന്നത്!
ചരിവ് എവിടേക്കാണോ അഥവാ ഓടയിലെ ബ്ലോക്ക് ഒഴിവാക്കിയോ ഒക്കെ വെള്ളം തോന്നിയപോലെ ഒഴുകി റോഡ് തോടായി മാറുന്നു. ദേശീയപാതയ്ക്ക് വശങ്ങളിലെ ഓടകൾക്ക് മീതെ സ്ലാബ് ഇട്ടതിനു ശേഷം അതുയർത്തി അതിൽ ഒഴുക്കു തടയുന്ന എന്തെങ്കിലും ഉണ്ടോ എന്ന് ആരും നോക്കുന്നില്ല. മഴവെള്ളം ആ ഓടകളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് ആരും നോക്കുന്നില്ല.
കേരളത്തിലെ പ്രധാന റോഡുകൾക്കരികിലുള്ള ഡ്രെയിനേജ് ചാനലുകളുടെ ലൈൻ ഡിജിറ്റൽ സർവേ ആരെങ്കിലും ഇതുവരെ ചെയ്തിട്ടുണ്ടോ? മഴവെള്ളമോ മലിനജലമോ ഒഴുകുന്ന വഴിയുടെ ഡോക്യുമെന്റേഷൻ എത്രയും പെട്ടെന്ന് ദുരന്തനിവാരണ സമിതിയെങ്കിലും മുൻകൈയെടുത്ത് പൂർത്തീകരിക്കണം. വെള്ളത്തിന്റെ ഒഴുക്കു തടയുന്ന കാരണങ്ങളെ മൈക്രോലെവലിൽ അങ്ങനെ മാത്രമേ വിശകലനം ചെയ്യാനാവൂ.
ആർ. രാധാകൃഷ്ണൻ, പാലക്കാട്