നുണ പറയുന്നതാരാണെന്നു തിരിച്ചറിയണമെന്ന് ഒരു രാഷ്ട്രീയകക്ഷിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോയിൽ കെപിഎസി ലളിത പറയുന്നത് എല്ലാവരും കണ്ടതാണ്. ഇപ്പോൾ ആശാ വർക്കർമാരുടെ കൂലിക്കാര്യത്തിൽ കേന്ദ്രമോ സംസ്ഥാനമോ ആരാണു നുണ പറയുന്നതെന്ന് ആർക്കറിയാം.
നുണകൾകൊണ്ടു പാതിവില തട്ടിപ്പു നടത്തി കൊട്ടാരം പണിഞ്ഞവർ രണ്ട് ആനന്ദന്മാർ! ഞാൻ പറയാൻ ഉദ്ദേശിച്ചത് സർക്കാർ പലയിടത്തും പറയുന്ന നുണകൾ. സത്യവാങ്മൂലം എന്ന രീതിയിൽ കൊടുക്കുന്നവയും വിമർശനവിധേയം ആകാത്തതുകൊണ്ടല്ലേ നുണകൾ നട്ട് വിളവെടുക്കുന്നവരും ഉണ്ടാവുന്നത്? നട്ടാൽ മുളയ്ക്കുന്ന നുണകളാണ് നാം നടുന്നത്. സുപ്രീംകോടതിയിൽപോലും നുണ സത്യവാങ്മൂലമായി കൊടുക്കുന്നത് നയതന്ത്രജ്ഞതയായി കാണുന്നു. വലിയ ഫീസ് വാങ്ങുന്ന വക്കീലന്മാർ വലിയ നുണയന്മാരാകുന്നു. നിയമസഭയിൽ നാം ലൈവായി കണ്ട അതിക്രമരംഗത്തെപ്പറ്റിപോലും അധികാരസ്ഥാനത്തിലിരിക്കുന്നവർ കോടതിയിൽ നുണ പറയുന്നു.
പിന്നെ നാം ഇരുന്നു മോശയുടെ വടിയും അമ്പാടിയിലെ വെണ്ണക്കലവും വില്ക്കാൻ വച്ച ആളെ ട്രോളുന്നു. എംടിയുടെ ചന്തു പറയുന്നതുപോലെ “ചതിക്കപ്പെടാൻ ഇനിയും മലയാളിയുടെ ജീവിതം ബാക്കി.”
ഒരു നിർദ്ദേശം ഉണ്ട്. പത്രത്തിൽ ഇനി പ്രത്യേക സ്ഥലം അനുവദിക്കണം. കേന്ദ്രനുണ, സംസ്ഥാന നുണ എന്ന രണ്ടു പംക്തികൾ. നുണ ആണെന്ന് സാധാരണ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന, അധികാരികൾ പറയുന്ന നുണകൾക്ക് മാത്രമായി ഒരു പേജ്. തിരുനുണ എന്ന തലക്കെട്ട് കൂടുതൽ ഉചിതമാവും. ചാനലുകൾക്ക് ഫാക്ട് ചെക്ക് എന്ന എപ്പിസോഡ് ‘തിരുനുണ’കൾക്കും ആവാം.മലയാളികൾ അപ്പോഴും എംടിയുടെ തന്നെ താഴ്വാരം സിനിമയിലെ സംഭാഷണം ഓർമവച്ചേ തീരൂ. “അവർ പറ്റിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. പറ്റിക്കപ്പെടാതിരിക്കാൻ ഞാനും!”
ആർ. രാധാകൃഷ്ണൻ,പാലക്കാട്