സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ എഴുതിയ കുട്ടികൾക്ക് ഓരോ വിഷയത്തിനും ലഭിക്കുന്ന ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഓരോ വിഷയത്തിനും എത്ര മാർക്ക് ലഭിച്ചെന്ന് ഓരോ കുട്ടിക്കും വ്യക്തമായി മനസിലാക്കാൻ കഴിയും. മാത്രവുമല്ല, തുടർപഠനത്തിന് ഓരോ കുട്ടിക്കും ലഭിച്ച മാർക്കിന്റെയും ശതമാനത്തിന്റെയും അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവർക്ക് പ്രവേശനം ഉറപ്പാക്കാനും കഴിയും.
എ പ്ലസ് നേടിയ കുട്ടികൾ 90 മുതൽ 100 ശതമാനം മാർക്ക് നേടിയവരാണ്. തുടർപഠനത്തിന് ഓരോ കുട്ടിക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ക്രമത്തിൽ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ ഓരോ കുട്ടിക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടാൻ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാകണം.
മാർക്കറിയാൻ വീണ്ടും പണമടച്ച് പരീക്ഷാഭവൻ കയറിയിറങ്ങുന്ന ദുരവസ്ഥ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാവരുത്. കുട്ടികൾക്ക് അവർ എഴുതി നേടിയ മാർക്ക് അറിയാനുള്ള അവകാശമുണ്ട്. കുട്ടിയുടെ അവകാശം നിഷേധിക്കുന്ന നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണം.
പൊതുവിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസമന്ത്രിയും സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ അടിയന്തരമായി ബാലാവകാശ കമ്മീഷൻ ഇടപെട്ട് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനത്തിലും സർട്ടിഫിക്കറ്റിലും ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്താൻ അടിയന്തരമായി ഉത്തരവ് നൽകണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി