ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളിലേക്കുകൂടി വ്യാപിക്കുന്ന ഭീതിദമായ സാഹചര്യത്തിൽ അതിനെതിരേ പോരാടാൻ സംഘടനകളും മാധ്യമങ്ങളും ശക്തമായിത്തന്നെ മുന്നോട്ടു വരുന്നതു വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്.
ലഹരിവസ്തുക്കൾപോലെതന്നെ പ്രധാനമാണ് ചില വീഡിയോ ഗെയിമുകളും സിനിമകളിലെ വയലൻസും ചില ക്രൈം സീരിയലുകളും കുട്ടികളിൽ ചെലുത്തുന്ന ദുഃസ്വാധീനം. എന്ത് അക്രമവും ചെയ്യാനുള്ള മനോനിലയാണ് ഇവയൊക്കെ കുട്ടികളിലുണ്ടാക്കുന്നത്.
കുട്ടികൾ ലഹരിയുടെ വലയിലകപ്പെടാതിരിക്കാനുള്ള ശ്രദ്ധയും കരുതലും വീട്ടിലും വിദ്യാലയത്തിലും വേണം. കുട്ടികളുമായി ഇടപെടാൻ മാതാപിതാക്കൾക്കു സമയമുണ്ടാകണം. അമിതമായ മൊബൈൽ ഉപയോഗം നിയന്ത്രിക്കണം. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ വീട്ടുകാരും അധ്യാപകരും ഗൗരവമായിത്തന്നെ കാണണം. കലാകായിക രംഗങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ സജീവമാകണം.
സർവോപരി, ലഹരിവസ്തുക്കളുടെ ലഭ്യത തടയുക എന്നതുതന്നെയാണ് ലഹരി ഉപയോഗം തടയുന്നതിൽ പരമപ്രധാനം. അന്യസംസ്ഥാനങ്ങളിൽനിന്ന് കേരത്തിലേക്കു വ്യാപകമായി ലഹരിവസ്തുക്കൾ എത്തുന്നത് അതിർത്തികളിൽവച്ചുതന്നെ തടയേണ്ടതുണ്ട്; അതിനുള്ള സന്നാഹങ്ങൾ വേണം. വിദ്യാലയ പരിസരങ്ങളിൽ ലഹരിപരിശോധനയും നിരീക്ഷണസംവിധാനങ്ങളും വേണ്ടതുണ്ട്. നിലവിലുള്ള സംവിധനത്തിന് പുറമേ എല്ലാ ജില്ലകളിലും സ്പെഷൽ സ്ക്വാഡുകൾ കൂടി രൂപീകരിച്ച് പരിശോധന കർശനമാക്കണം.
മുരളീമോഹൻ, മഞ്ചേരി, മലപ്പുറം