സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന ഈ ദൈവത്തിന്റെ നാടിന് എന്തുപറ്റി. തട്ടിപ്പിനും വെട്ടിപ്പിനും കൊല്ലിനും കൊലയ്ക്കുമെല്ലാമാണ് ഇപ്പോൾ നമ്മുടെ നാട് മുന്നിൽ നിൽക്കുന്നത്. പിശാചുക്കൾ പോലും കണ്ണും കാതും അടച്ചു പിടിക്കുന്നതരത്തിലാണ് നമ്മുടെ നാട്ടിലെ ചിലരുടെ പ്രവർത്തനങ്ങൾ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കൗമാരക്കാർ മുതൽ വയോജനങ്ങൾ വരെ മനുഷ്യരെ കൊന്നൊടുക്കുന്നത്.
പകലെന്നോ രാത്രിയെന്നോ ആരാധനാലയങ്ങളെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നോ പൊതു സ്ഥലങ്ങളെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ ക്രൂരകൃത്യങ്ങൾ ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗവും ആരെയും കൂസാത്ത പ്രകൃതവുമാണ് ഈ ക്രൂരകൃത്യങ്ങളുടെയെല്ലാം അടിസ്ഥാനം. ഗുരുക്കന്മാരെയോ മാതാപിതാക്കളെയോ അനുസരിക്കാതെ കുട്ടികൾ വളർന്നു വരുന്നു. അവർക്ക് കൂട്ടുകാരാണ് വേണ്ടത്. അവരെയാണ് അനുസരിക്കുന്നത്. ഇതു നാശത്തിലേക്ക് ചെന്നെത്തിക്കുന്നു.രണ്ട് മക്കളിൽ കുടുതലുളള കുടുംബം വളരെ ചുരുക്കം. പഴയതുപോലെ കുടുംബങ്ങളിൽ അധികം കഷ്ടപ്പാടുകളില്ല.
മക്കൾ അന്പിളിമാമനെ വേണമെന്ന് പറഞ്ഞാലും പിടിച്ചു കൊടുക്കാൻ സന്നദ്ധരായ മാതാപിതാക്കൾ മക്കൾ എന്തു ചെയ്താലും അതിനെ ന്യായീക്കരിക്കുന്നു. എന്തു കുറ്റം ചെയ്താലും ശിക്ഷ വളരെ ലളിതം. ശിക്ഷിച്ചു ജയിലിൽ പോയാലോ, ജയിലുകൾ സുഖവാസകേന്ദ്രം. നല്ല ഭക്ഷണം, നല്ല ചികിത്സ തുടങ്ങി സുഖജീവിതം.
ഗൾഫ് രാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാത്തത്. കുറ്റത്തിന് തക്ക ശിക്ഷ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്. നമ്മുടെ നാട്ടിലും കുറ്റവാളികൾക്ക് സർക്കാർ നല്ല ശിക്ഷ കൊടുക്കണം. അവർ പിന്നീടൊരിക്കലും തെറ്റിലേർപ്പെടാത്തവിധം കടുത്ത ശിക്ഷ കൊടുക്കണം. അവർ ചെയ്ത കൊടുംക്രൂരതയ്ക്ക് മറ്റുള്ളവർ അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്ന് മനസിലാവണം. മാതാപിതാക്കൾ തീ വിഴുങ്ങിയതുപോലെയാണ് ജീവിക്കുന്നത്. സിനിമ, സീരിയലുകളൊക്കെ യുവതലമുറയ്ക്ക് അനുകരിക്കാൻ പറ്റിയ തരത്തിലുള്ളതാകണം.
ലീലാമ്മ വർഗീസ്, അതിരന്പുഴ