വന്യമൃഗശല്യം നാൾക്കുനാൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. വന്യമൃഗ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇരകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്തം തീർന്നു എന്നതാണ് അധികാരികളുടെ മനോഭാവം.
എന്നിട്ടും ജനരോഷം അടങ്ങുന്നില്ലെന്നു കണ്ടാൽ കുറെ മീറ്റിംഗുകൾ വിളിച്ചുകൂട്ടി ഒരിക്കലും നടപ്പിലാക്കാത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കും. അതോടെ ജനങ്ങൾ ശാന്തരാകും. ഒരു നടപടിയും ഉണ്ടാവില്ല. സെൻസേഷണലായ പുതിയ വാർത്തകൾ ലഭിക്കുന്നതോടെ മാധ്യമങ്ങളും ഇക്കാര്യം മറക്കും. അടുത്ത ആളെ വന്യമൃഗം ആക്രമിക്കുന്നതുവരെ എല്ലാം ശാന്തം, ഭദ്രം!
പാവപ്പെട്ട ആദിവാസികളുടെയും കർഷകരുടെയും ജീവൻ സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതരുടെ നിലപാട് ഇതാണെങ്കിൽ അവരുടെ വസ്തുവകകൾ സംരക്ഷിക്കുന്ന കാര്യത്തിലുള്ള മനോഭാവം എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. കാട്ടുപന്നിയും ആനയും കുരങ്ങും എല്ലാം കൂടി കർഷകന്റെ ജീവിതം ദുരിതപൂർണമാക്കുകയാണ്.
വനാതിർത്തിയോടുചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് ഒരു കാലത്ത് വന്യമൃഗശല്യം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപുറങ്ങളും വന്യമൃഗ ഭീഷണിയിലാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം, ഭരണപ്രതിപക്ഷങ്ങൾ ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സാധാരണക്കാരന്റെ കണ്ണിൽ പൊടിയിടുകയാണ്.
ഇതിന് ശാശ്വതമായ പരിഹാരമുണ്ടാകണമെങ്കിൽ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ സംഘടിക്കണം. കർഷകരുടെ പ്രശ്നങ്ങൾ അറിയുന്ന, കർഷകരിൽനിന്നുതന്നെയുള്ള ഒരു നേതൃനിര ഇവിടെ ഉയർന്നുവരണം.
സെബാസ്റ്റ്യൻ വള്ളിയിൽ വെള്ളയാംകുടി, കട്ടപ്പന