ലഹരിവസ്തുകളുടെ അതിപ്രസരം എന്ന സാമൂഹികവിപത്തിനെതിരായ പോരാട്ടം തുടങ്ങേണ്ടത് കുടുംബങ്ങളിൽനിന്നാണ്. കാരണം, ഒരു വ്യക്തിയുടെ സ്വഭാവവും മനഃസാക്ഷിയും രൂപപ്പെടുന്നത് കൂടുതലും ബാല്യവും കൗമാരവും ഉൾപ്പെടുന്ന കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിലെ കുട്ടികൾ മാതാപിതകളും മുതിർന്നവരും പറയുന്ന കാര്യങ്ങളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കുന്നു. അതിനാൽ ഏതൊരു ഉപദേശവും കുട്ടികൾക്ക് കൊടുക്കുമ്പോൾ ഈ ബോധ്യം മാതാപിതാക്കൾക്കുണ്ടാകണം.
ലഹരിവസ്തുകളുടെ ഉപയോഗം ഉണ്ടാക്കുന്ന മാരകമായ വിപത്തിനെക്കുറിച്ചും അതിന്റെ അതിഭയാനകമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കുടുംബത്തിൽനിന്ന് മാതാപിതാക്കൾ തന്നെയാണ് കുട്ടികൾക്കു പറഞ്ഞുകൊടുക്കേണ്ടത്. ഒരിക്കൽ തമാശയ്ക്ക് തുടങ്ങുന്ന ലഹരി ഉപയോഗം കരകയറാൻ പറ്റാത്ത ആപത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കുമെന്നത് കാര്യകാരണങ്ങൾ സഹിതം ബോധ്യപ്പെടുത്തിക്കൊടുക്കണം.
പലപ്പോഴും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പലകുട്ടികളും ലഹരിക്ക് അടിമയാകുന്നത്. ഇത്തരം കൂട്ടുകാരുമായുള്ള സമ്പർക്കം വേണ്ടെന്നു വയ്ക്കാൻ മാതാപിതാക്കൾ കുട്ടികളെ ചെറുപ്പത്തിൽത്തന്നെ പരിശീലിപ്പിക്കണം.
കൂട്ടുകാർ നിർബന്ധിച്ചാലും ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനത്തിൻ ഉറച്ചുനിൽക്കാനുള്ള ആർജവം കുട്ടികൾക്കു ലഭിക്കേണ്ടത് കുടുംബത്തിൽനിന്നാണ്. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കുക എന്നത് ഏറെ പ്രധാനമാണ്. മനക്കരുത്താണ് അതിനു നമ്മെ സഹായിക്കുന്നത്. തെറ്റ് ആരുചെയ്താലും എത്രപേർ ചെയ്താലും തെറ്റ് എന്നും തെറ്റുതന്നെയാണ്.
മേഴ്സി അരുൺ