എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് നെല്ലെടുക്കാൻ മില്ലുകൾ എത്തുന്നില്ല, നെല്ലിന്റെ കിഴിവിനെക്കുറിച്ചുള്ള തർക്കങ്ങൾ, ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങളില്ല എന്നിവയൊക്കെ.
ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം നെല്ലെടുക്കാൻ മില്ലുകൾ എത്തുന്നില്ല, എത്തിയാൽ തന്നെ കിഴിവിനെക്കുറിച്ചുള്ള തർക്കങ്ങളിൽ പെട്ട് സംഭരണം നീണ്ടുപോകുന്നു. ഇങ്ങനെ വിലപേശൽ നീണ്ടുപോകുന്പോൾ മാർച്ച് പകുതിയോടെ മഴ എത്തുകയും കർഷകർ നെല്ല് വിൽക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
ഇപ്പോഴത്തെ കാലാവസ്ഥയിൽ ഉണങ്ങിവരണ്ട് പാടത്തു കിടക്കുന്ന നെല്ലിന് 100 കിലോയ്ക്ക് അഞ്ച് കിലോ കിഴിവ് ആവശ്യപ്പെടുന്നതിന് ചുഷണം എന്നല്ലാതെ മറ്റൊരു വിശേഷണവും നൽകാനില്ല. കേരള ജനതയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത നിത്യോപയോഗ ഭക്ഷ്യ വസ്തുവാണ് ഇത്തരത്തിലുള്ള വിലപേശലിന് വിധേയമാകുന്നതെന്നുള്ളതാണ് ഏറ്റവും അദ്ഭുതകരം.
കേരളത്തിലെ മറ്റൊരു കാർഷികമേഖലയിലും ഇത്തരത്തിലുള്ള വിലപേശലും ബ്രോക്കർ ചൂഷണവും നടക്കുന്നില്ല. ഇതിന് ഒരു പരിഹാരമാർഗമേയുള്ളൂ; കർഷകർ സ്വയം അവരുടെ ഉത്പന്നത്തിന് വിലപേശത്തക്ക തലത്തിലേക്ക് ഉയർത്തുക.
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രികരിച്ചു കർഷകരുടേതായ കന്പനികൾ രൂപീകരിച്ചു മില്ലുകൾ സ്ഥാപിച്ച് പ്രാദേശിക തലത്തിൽ നെല്ല് സംഭരിച്ചു സംസ്കരിക്കാൻ സാധിച്ചാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഒരുപരിധിവരെയങ്കിലും ഒഴിവാക്കാൻ സാധിക്കും.
അതോടൊപ്പം സർക്കാർ തലത്തിൽ തുടങ്ങുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച മില്ലുകൾ വെറും പ്രഖ്യാപനത്തിൽ നിർത്താതെ എത്രയും വേഗം പ്രവർത്തനക്ഷമം ആകേണ്ടിയിരിക്കുന്നു. ഈ രീതിയിൽ ബദൽ സംവിധാനങ്ങൾ ഉണ്ടെങ്കിൽ സ്വകാര്യ മില്ലുകാർ താനേ കളത്തിലിറങ്ങി നെല്ല് സംഭരിക്കാൻ നിർബന്ധിതരാകും.
ഈ കന്പനികൾ ഉത്പാദിപ്പിക്കുന്ന അരി ബ്രാൻഡ് ചെയ്തു പൊതുവിപണിയിലും നമ്മുടെ നാട്ടിലെ അനേകം കർഷക കൂട്ടായ്മകളിലൂടെയും സോഷ്യൽ സർവീസ് സൊസൈറ്റികളിലൂടെയും വിൽക്കുന്നതിന് പ്രയാസം ഉണ്ടാകില്ല. ഈ കന്പനികൾ നെല്ല് സംഭരണത്തിൽ സന്തുലനാവസ്ഥ സംജാതമാക്കാനും, പ്രതിസന്ധി ഘട്ടങ്ങളിൽ വിപണിയിൽ ഇടപെടാനുമുള്ള ഏജൻസിയായി നിലകൊള്ളണം. ഇത്തരത്തിൽ രൂപീകരിക്കപ്പെടുന്ന, കർഷകരാൽ നിയന്ത്രിക്കപ്പെടുന്ന കന്പനികളിൽ ഈ മേഖലയുമായി ബന്ധപ്പെട്ട (സ്വകാര്യ മില്ലുകാർ ഒഴികെ) എല്ലാവർക്കും ഷെയർ എടുക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. കർഷകരിൽനിന്നു പണം സ്വരൂപിച്ച് പാടശേഖര കമ്മിറ്റികൾക്കു കന്പനികളിൽ ഷെയർ എടുക്കാവുന്നതാണ്.
കന്പനികളിൽ ഏറ്റവും പ്രാമുഖ്യമുള്ള വിഭാഗവും പാടശേഖര കമ്മിറ്റികൾ ആയിരിക്കേണ്ടതാണ്. കന്പനികൾ രൂപീകരിക്കുന്പോൾ പ്രൈവറ്റ് ലിമിറ്റഡ് കന്പനികൾ ആണോ അതോ പബ്ലിക് ലിമിറ്റഡ് കന്പനികൾ ആണോ കൂടുതൽ ഫലപ്രദം എന്നുള്ളത് വിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കുക.
ഇത്തരത്തിലുള്ള ബദൽ സംവിധാനത്തിന് നയരൂപീകരണം നടത്തേണ്ടതും കർഷകരെ ബോധവത്കരിക്കേണ്ടതും സർക്കാരും കൃഷിവകുപ്പുമാണ്. പക്ഷേ, നമ്മുടെ സംസ്ഥാനത്തെ സാഹചര്യങ്ങളിൽ അത്തരത്തിലുള്ള ഒരു നീക്കം വിദൂരഭാവിയിലെങ്ങും നടക്കുമെന്നു തോന്നുന്നില്ല.
ഇങ്ങനെ രൂപീകരിക്കപ്പെടുന്ന കന്പനികൾക്ക്, വളവും വിത്തും കീടനാശിനികളും കർഷകർക്ക് വിതരണം ചെയ്യാനും അങ്ങനെ കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കാനും സാധിക്കും. വിവിധ പ്രദേശങ്ങളിലുള്ള പാടശേഖര കമ്മിറ്റികൾ ഒത്തുചേർന്ന് ഇത്തരത്തിലുള്ള കന്പനികൾക്കു രൂപം കൊടുക്കാൻ തീരുമാനമെടുക്കാൻ ഇനി വൈകരുത്.
ജോർജ് തോമസ് ചങ്ങനാശേരി