സമീപകാലത്തായി കുട്ടികളിൽ വർധിച്ചുവരുന്ന മദ്യമയക്കുമരുന്ന് ഉപയോഗത്തെയും നിഷ്ഠുരമായ ആക്രമണസ്വഭാവത്തെയും കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നുവരികയാണല്ലോ. ഈ ചർച്ചകളിലൊന്നും യഥാർഥ രോഗകാരണം കണ്ടുപിടിക്കാനോ പരിഹരിക്കാനോ ഉള്ള ഒരു ശ്രമവും നടന്നുകാണുന്നില്ല.
ജുവനൈൽ ജസ്റ്റീസ് ആക്ട് നിലവിൽ വന്നശേഷമാണ് കുട്ടികളിൽ ഈ മാറ്റം ആരംഭിച്ചത്. ഈ നിയമം നിലവിൽ വന്നതുമുതൽ പല അധ്യാപകരും പുരോഹിതരായ അധ്യാപകരും സന്യസ്തരായ അധ്യാപികമാരും ഉൾപ്പെടെ, പരാതിയുടെയും വ്യാജപരാതിയുടെയും അടിസ്ഥാനത്തിൽ ബാലാവകാശ കോടതിയിൽനിന്ന് ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്.
അതോടെ അധ്യാപകർ കുട്ടികളെ നന്നാക്കൽ പരിപാടി നിർത്തി. അവർ അധ്യാപനം മാത്രം നടത്തി ശന്പളം വാങ്ങുന്നവരായി മാറി. കുട്ടികളെ നിയന്ത്രിക്കാൻ മാതാപിതാക്കൾക്കും അവകാശമില്ലാതായി. യാതൊരു നിയന്ത്രണവുമില്ലാതെ വളർന്ന തലമുറയിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.
ഇതിലുപരിയായി മയക്കുമരുന്നിന്റെ അനായാസമായ ലഭ്യത, ക്രൂരമായ അക്രമങ്ങൾ യഥേഷ്ടം ചിത്രീകരിക്കുന്ന സിനിമകൾ, പരിധിയില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം, മയക്കുമരുന്നുകളുടെ ലഭ്യത ഇല്ലാതാക്കുന്നതിൽ എക്സ്സൈസ്, പോലീസ് വകുപ്പുകളുടെ പരാജയം എന്നിവയ്ക്കെല്ലാം പരിഹാരമുണ്ടാവാതെ പ്രശ്നം തീരില്ല.
ബാലാവകാശനിയമം ലൈംഗികാതിക്രമ കേസുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും മാതാപിതാക്കൾക്കും അധ്യാപകർക്കും കുട്ടികളെ നിയന്ത്രിക്കാനുള്ള അവകാശം തിരികെ നൽകുകയും ചെയ്യാതെ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല.
ടോം തോമസ് വാഴൂർ