കെഎസ്എഫ്ഇ ചിട്ടികൾക്ക് വസ്തു ഈടായി സ്വീകരിക്കുന്പോൾ കെഎസ്എഫ്ഇ മാനേജർ ഉൾപ്പെടെ വസ്തു സന്ദർശിക്കുന്ന വാലുവേറ്റർ ഇടുന്ന തുകയുടെ പകുതി മാത്രമേ ചിട്ടികളിൽ ജാമ്യമായി സ്വീകരിക്കുകയുള്ളൂ. അതായത് ഒന്നര കോടി രൂപ മൂല്യമുള്ള വസ്തുവിന് കെഎസ്എഫ്ഇ എഴുപത്തഞ്ചു ലക്ഷം വിലയിട്ടാൽ അതിന്റെ പകുതി മുപ്പത്തിഏഴര ലക്ഷം രൂപ മാത്രമേ ജാമ്യമായി സ്വീകരിക്കൂ.
തൻമൂലം ചിട്ടി ചേരുന്നവർക്കു ജാമ്യം നൽകുക എന്നത് ഏറെ ബുദ്ധിമുട്ടാകുന്നു. ചിട്ടി നടത്തി ജനങ്ങൾക്ക് എളുപ്പത്തിൽ പണം ലഭ്യമാക്കുന്ന സർക്കാർ സ്ഥാപനമാണ് കെഎസ് എഫ്ഇ. എന്നാൽ, ചിട്ടികളിൽ ചേർന്നു ചിട്ടി പിടിച്ചുകഴിയുന്പോൾ പണം ലഭിക്കാൻ നെട്ടോട്ടമോടുന്നത് സാധാരണമാണ്. ഇങ്ങനെയുള്ള ദുർഗതികൾ ഉള്ളതിനാലാണ് കെഎസ്എഫ്ഇയെ പലരും എതിർത്തു പറയുന്നതും അകറ്റി നിർത്തുന്നതും.
സാധാരണക്കാർക്കും കച്ചവടക്കാർക്കും എന്തിനേറെ ജോലിക്കാർക്കുപോലും തന്മൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. കെഎസ്എഫ്ഇയിലെ മൾട്ടി ഡിവിഷൻ ചിട്ടികളിലുൾപ്പെടെ ദീർഘ ഹ്രസ്വകാല ചിട്ടികളിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ വാലുവേറ്റർ നൽകുന്ന റിപ്പോർട്ടിന്റെ 90 ശതമാനവും തുക ജാമ്യമായി സ്വീകരിക്കുവാനുള്ള നടപടികൾ കെഎസ്എഫ്ഇയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ കൽത്തൊട്ടി