സംസ്ഥാന സർക്കാർ 2024ലെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ‘മാലിന്യമുക്തം നവകേരളം’ എന്ന കാന്പയിൻ ഇക്കഴിഞ്ഞ മാർച്ച് 30ന് അവസാനിച്ചു. ജനപങ്കാളിത്തത്തോടെ സന്പൂർണ ശുചിത്വ കേരളം പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാനതലം മുതൽ വാർഡ് തലം വരെ നിർവഹണ സമിതികൾ രൂപീകരിക്കുമെന്നും അവ രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മറ്റുമായിരുന്നു തീരുമാനങ്ങൾ. ഒന്നും നടപ്പിലായില്ല. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്ഘാടനവും സമാപന ശുചിത്വ പ്രഖ്യാപനവും മാത്രം നടത്തി.
അവസാന രണ്ടുദിവസം പേരിനുമാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. മധ്യകേരളത്തിലെ ഒരു നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടകനായ ജില്ലാ കളക്ടർ ഇടപെട്ട് മാറ്റിവയ്പിച്ചു. നഗരസഭാ കെട്ടിടത്തിന്റെ പിന്നിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്തിട്ട് ചടങ്ങ് നടത്തിയാൽ മതിയെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഈ സംഭവം ഒരു ചൂണ്ടുപലകയാണെന്നു പറയാതെ വയ്യ.
തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും നമ്മുടെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. ശുചിമുറി മാലിന്യ സംസ്കരണത്തിന് വേണ്ടത്ര പ്ലാന്റുകൾ പോലും കേരളത്തിലില്ല. മാലിന്യ സംസ്കരണത്തിന് വേണ്ട സമഗ്ര കർമപദ്ധതികളും അത് നടപ്പിലാക്കാൻ ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവുമാണ് ഇന്നത്തെ ആവശ്യം.
സെബാസ്റ്റ്യൻ പാതാന്പുഴ, തൊടുപുഴ