കഴിഞ്ഞവർഷം നടന്ന നവകേരള സദസിൽനിന്ന് ഉത്പാദിപ്പിക്കപ്പെട്ട ‘രക്ഷാപ്രവർത്തനം’ നാടാകെ നടപ്പായിത്തുടങ്ങിയിരിക്കുന്നു.
കൂടെ പഠിക്കുന്ന പത്താംക്ലാസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്ന കുട്ടികളും അഞ്ചും ആറും മനുഷ്യരെ ഒരേസമയം തലയ്ക്കടിച്ച് കൊലപ്പെടുത്തുന്ന കഠിനമനസുള്ള മലയാളി യുവത്വവും കൂടിവരുന്നതിന്റെ കാരണം ആരും വിശകലനം ചെയ്യുന്നില്ല. ചർച്ചകളിൽ വന്ന് വെറുതെ അതുമിതും പറഞ്ഞു പോകുന്നതല്ലാതെ ഈ മനോരോഗത്തെ അഥവാ നിയമലംഘനം അലങ്കാരമാക്കുന്നവരെ അഥവാ ലഹരിക്കടിമകളെ അടിച്ചമർത്താൻ ഭരണാധികാരിക്കാവുന്നില്ല.
ചോര കണ്ടാൽ അറയ്ക്കാത്തവരായി ഇവരെ പരിശീലിപ്പിക്കുന്നതാരാണ്? മാധ്യമങ്ങളോ സിനിമകളോ? ക്രിമിനൽ ഇൻഫ്ളുവൻസേഴ്സ് സമൂഹമാധ്യമങ്ങളിലുണ്ടോ? എന്നൊക്കെ ഗൗരവമായി ചർച്ച ചെയ്യേണ്ടത് നാടിന്റെ ആവശ്യമായിരിക്കുന്നു.
ഒരു ചുറ്റികകൊണ്ട് മനുഷ്യരെ തലയ്ക്കടിച്ച് വകവരുത്തുന്ന എത്ര സിനിമകൾക്ക് കോവിഡിനുശേഷംതന്നെ പ്രദർശനാനുമതി നൽകിയെന്നു പരിശോധിക്കുക. ഒരു ഹിന്ദി സിനിമയിൽ ഒരു കമാൻഡോ ട്രെയിനിനകത്തുവച്ച് പടം തുടങ്ങി തീരുംവരെ കൊലയോടു കൊല, ചോരക്കളി! അതിനെ വെല്ലുന്ന രീതിയിൽ മലയാളത്തിലെ യുവനടന്റെ ഹിറ്റ് ചിത്രത്തിൽ ചോരച്ചൊരിച്ചിലിൽ യുവജനത കൈയടിക്കുന്നു. നാം ഓർക്കുക. ആർക്കൊക്കെ ക്രിമിനൽ വാസന മുളപ്പിക്കാൻ ഇത്തരം ‘കൊലപ്രകടനം’പ്രേരകമാവുന്നെന്ന്! അവയവം മുറിക്കുന്ന സർജൻ പോലും കാണാൻ ഭയക്കുന്ന രംഗങ്ങൾക്ക് സെൻസർ ബോർഡ് എങ്ങനെ പ്രദർശനാനുമതി നൽകുന്നു?
ആർ. രാധാകൃഷ്ണൻ പാലക്കാട്