മാതൃക സാമൂഹ്യ പ്രവർത്തനങ്ങളുമായി ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ രംഗത്ത്
Saturday, May 30, 2020 10:31 AM IST
ന്യൂജേഴ്‌സി: കോടതി വിധി അനുകൂലമായതോടെ വീണ്ടും ഭരണ ചുമതലയേറ്റ ഭരണസമിതി സാമൂഹ്യപ്രവർത്തങ്ങളിൽ സജീവമായി മാതൃകയാകുന്നു. അമേരിക്കയിൽ കോവിഡ് ഏറ്റവും കൂടുതൽ വ്യപകമായ ദുരിതം വിതച്ച റോക് ലാൻഡ് കൗണ്ടിയിൽ സാമൂഹ്യ പ്രവർത്തങ്ങൾ ആരംഭിക്കാനാണ് വീണ്ടും ചുമതലയേറ്റ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഭരണസമിതിയുടെയും ബോർഡ് ഓഫ് ഡയറക്ടർമാരുടെയും സംയുക്തയോഗം തീരുമാനിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി റോക്‌ലാൻഡ് കൗണ്ടിയുമായിച്ചേർന്ന് ഹെൽത്ത് കെയർ എമെർജെൻസി വർക്കേഴ്സിന് ഫേസ് ഷീൽഡ് , ഫേസ് മാസ്ക്ക് തുടങ്ങിയ അവശ്യ സുരക്ഷ സംവിധാനങ്ങൾ നൽകാനാണ് തീരുമാനം. കോടതിവിധിയെ തുടർന്ന് പ്രവർത്തനം നിലച്ചുപോയിരുന്ന മലയാളം സ്ക്കൂളിന്‍റെ പ്രവർത്തനം പൂർവാധികം ശക്തമായി പുനരാരംഭിക്കാനും തീരുമാനിച്ചു. മികച്ച സാങ്കേതിക തികവോടെ ഓൺലൈൻ ആയിട്ടായിരിക്കും കോവിഡ്കാലത്തു ക്ലാസുകൾ പുനരാരംഭിക്കുക.അതിന്‍റെ രജിസ്ട്രേഷൻ നടപടികൾ ത്വരിതഗതിയിൽ ആരംഭിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ നടത്താനിരുന്ന ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ പിക്ക്നിക്ക് റദ്ദാക്കി. മറ്റു ഭാവി പരിപാടികൾ കൂടുതൽ ചർച്ചകൾ ചെയ്തു പിന്നീട് തീരുമാനിക്കും.

ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്‍റെ യോഗം പ്രസിഡന്‍റ് ജിജി ടോമിന്റെ അധ്യക്ഷതയിൽ ചേർന്നാണ് സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിച്ചത്. മേയ് 18 , 28 തീയതികളിൽ ചേർന്ന സൂം(Zoom) മീറ്റിംഗിൽ സംഘടനയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾ ഭംഗിയായി കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങളെ ഡയറക്ടർ ബോർഡ് വിശദമായ വിശകലനങ്ങൾ നടത്തി.


ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ സെക്രട്ടറി സജി എം. പോത്തൻ പ്രവർത്തനരേഖ സമർപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കു അംഗങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ട്രഷറർ അപ്പുക്കുട്ടൻ നായർ ഏവരുടേയും സ്നേഹവും സഹകരണവും അഭ്യർഥിച്ചു.

കോവിഡ് എന്ന മഹാമാരിമൂലം മാനവരാശിക്കുണ്ടായിക്കൊണ്ടിരിക്കുന്ന തീരാ ദുഃഖത്തിലും വേദനയിലും ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഉത്കണ്ഠ രേഖപ്പെടുത്തുകയും ദുരന്തത്തിനിരയായി ജീവൻ പൊലിഞ്ഞവരുടെ അൽമാക്കൾക്കളുടെ നിത്യശാന്തിക്കായി വേണ്ടി പ്രാർഥിക്കുകയും ചെയ്‌തു.

ഡയറക്ടർ ബോർഡ് യോഗത്തിൽ ജിജി ടോം, സജി എം. പോത്തൻ, അപ്പുക്കുട്ടൻ നായർ തുടങ്ങിയ നേതാക്കൾക്ക് പുറമെ ബോർഡ് ഓഫ് ഡയറക്ടർമാരായ പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്,വർഗീസ് ഉലഹന്നാൻ തുടങ്ങിയവരും സംബന്ധിച്ചു.ഡയറക്ടർ ബോർഡ് അംഗംങ്ങളായ ലൈസി അലക്സ്, ഷാജിമോൻ വെട്ടം എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ