പ്രവാസികളുടെ മനം കവര്‍ന്നു കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ്
Friday, May 29, 2020 11:39 AM IST
ന്യൂജഴ്‌സി: കാനഡയിലെയും അമേരിക്കയിലെയും പ്രവാസികളുടെ മനം കവര്‍ന്നു കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് വേറിട്ടതായി. മീറ്റിംഗ് തുടങ്ങുന്നതിനു 15 മിനിറ്റു മുന്‍പ് തന്നെ സൂം മീറ്റിംഗ് റൂം ഹൗസ് ഫുള്‍ ആയതു മീറ്റിംഗിനെ എതിര്‍ത്തവരെപ്പോലും അമ്പരപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലര്‍ക്കും കയറാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ മറ്റു തത്സമയ പ്രക്ഷേപണങ്ങള്‍ വഴി കാണുകയാണുണ്ടായത്.

കോവിഡ് 19 നെ തുരത്തുന്നതില്‍ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും അതിനെ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ടുമാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ സ്വാഗതവും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് നന്ദിയും പറഞ്ഞു.

അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മലയാളികള്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് കേരളമെന്ന ആമുഖത്തോടെയാണ് പിണറായി വിജയന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്തത്.കേരളം എന്നത് കേരളത്തിലുള്ളവരുടെ മാത്രം സ്വന്തമല്ല . നിങ്ങളുടേതുകൂടിയാണ്. തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ ഇരു കൈയും നീട്ടി കേരളം സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


തുടന്നു മീറ്റിംഗ് കോര്‍ഡിനേറ്റര്‍ കൂടിയായ പോള്‍ കറുകപ്പള്ളില്‍, നൈനയെ പ്രതിനിധീകരിച്ചു ബോബി വര്‍ഗീസ്, എകെഎംജി മുന്‍ പ്രസിഡന്റ് ഡോ. രവീന്ദ്ര നാഥ് , നോര്‍ക്ക റൂട്ട്‌സ് അമേരിക്ക പ്രതിനിധി അനുപമ വെങ്കിടേശ്വരന്‍, നോര്‍ക്ക റൂട്ട്‌സ് കാനഡ കണ്‍വീനര്‍ കുര്യന്‍ പ്രക്കാനം എന്നിവര്‍ ആശംസയര്‍പ്പിച്ചു.

തുടര്‍ന്നു കോവിഡ് 19 മൂലം മരണമടഞ്ഞ നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്ക് ടോമി കോക്കാട് അനുശോചന സന്ദേശം നല്‍കി. കോവിഡ് കാലത്തെ യഥാര്‍ത്ഥ ഹീറോകളായ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനു ജോര്‍ജി വര്‍ഗീസ് (ഫ്‌ലേളറിഡ) അഭിവാദ്യമര്‍പ്പിച്ചു.

ഒരാഴ്ചമുമ്പ് തീരുമാനിച്ച ഈ മീറ്റിംഗിന്റെ തയാറെടുപ്പുകള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ എം. അനിരുദ്ധന്റെ നേതൃത്വത്തില്‍ പോള്‍ കറുകപ്പള്ളില്‍ (യുഎസ്എ), സജിമോന്‍ ആന്റണി (യുഎസ്എ), കുര്യന്‍ പ്രക്കാനം (കാനഡ) എന്നീ കോര്‍ഡിനേറ്റര്‍മാര്‍ മുഖ്യമന്ത്രിയുടെ ഈ പരിപാടി വിജയിപ്പിക്കാനായി പ്രവര്‍ത്തിച്ചു. സജിമോന്‍ ആന്റണിയായിരുന്നു പ്രധാന മോഡറേറ്റര്‍. ജെസി റിന്‍സി സഹമോഡറേറ്റര്‍ ആയിരുന്നു.