ഫെഡറൽ ജീവനക്കാർക്ക് ബൈ ഔട്ട് സ്വീകരിക്കുവാനുള്ള ഓഫർ
ഏബ്രഹാം തോമസ്
Wednesday, February 5, 2025 3:29 PM IST
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ മുതൽ ഫെഡറൽ ജീവനക്കാരിൽ ഒരു വിഭാഗം സ്വീകരിക്കുന്ന ചില നിലപാടുകൾ വിമർശനത്തിൽ വന്നു കൊണ്ടിരിക്കുകയാണ്.
ജോലിയിൽ കയറുന്നതു മുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതും സ്ഥാനക്കയറ്റം വലിയ പ്രതിബന്ധങ്ങൾ ഇല്ലാതെ കരസ്ഥമാക്കുന്നതുമെല്ലാം ട്രംപ് പുന:പരിശോധിക്കുമെന്നു പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ വളരെ വേഗം പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ആക്ഷനുകളോട് പരിപൂർണമായി നീതി പുലർത്തിയോ എന്ന് ഫെഡറൽ ജീവനക്കാരുടെ പ്രകടനത്തിന്റെ വിലയിരുത്തലിലൂടെ തീരുമാനിക്കുവാനാണ് ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നു.
ആദ്യ പടി എന്ന നിലയിൽ ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോൾ ജൻഡർ പ്രൊനൗണുകൾ ഒഴിവാക്കാനാണ് ഉത്തരവ്. ഈ ഉത്തരവ് നാളിതു വരെ നടന്നു വന്നിരുന്ന സ്വജന പക്ഷപാതവും വിഭാഗീയ ചിന്തകളും മാറ്റുവാൻ സഹായിക്കും.
പല നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ഉന്നത ബന്ധങ്ങളും സ്വജന പക്ഷ പാദങ്ങളും കെെയടക്കി വച്ചിരുന്നതായി കണ്ടെത്തിയത് മൂലമാണ് ഈ നയം മാറ്റം. അർഹരായവർക്ക് ജോലിയും സ്ഥാനക്കയറ്റവും ഇനിയെങ്കിലും ലഭിക്കും എന്ന് പ്രത്യാശിക്കാം.
ഈ നയ മാറ്റം അംഗീകരിക്കുവാൻ കഴിയാത്ത ഫെഡറൽ ജീവനക്കാർക്ക് സ്വയം രാജി വച്ച് പോകുവാനുള്ള ഉപാധിയും അധികൃതർ നൽകുന്നുണ്ട്. സേവേറെൻസ് പാക്കേജ് സ്വീകരിച്ചു ഇവർക്ക് ജോലിയിൽ നിന്ന് വിരമിക്കാം.
റീടയർമെന്റ് പ്രായം കഴിഞ്ഞാലും മേലാളൻമാരുടെ പ്രീതിയിൽ വലിയ ശമ്പളമോ വേതനമോ ആനുകൂല്യങ്ങളോ കൈപറ്റി വർഷങ്ങളോളം ജോലിയിൽ തുടരുന്ന "സംവിധാനത്തിന്' ഒരു അളവ് വരെ ഫെഡറൽ ഗവൺമെന്റിന്റെ പുതിയ നയത്തിലൂടെ പരിഹാരം കണ്ടെത്തുവാൻ കഴിഞ്ഞേക്കും.
വാഷിംഗ്ടണിലെ എയർ കണ്ട്രോൾ ടവറിൽ മതിയായ ജീവനക്കാരില്ല എന്ന പരാതി തുടരുന്നതിനിടയിൽ വിമാന അപകടം ഉണ്ടായ ദിവസം ആകെ ഉണ്ടായിരുന്ന രണ്ട ജീവനക്കാരിൽ ഒരാളിനെ നേരത്തെ പോകാൻ അനുവദിച്ചു എന്ന് ആരോപണം ഉണ്ട്.
ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ഒരു വിമാനത്തിൽ ഒരു ഹെലികോപ്റ്റർ വന്നിടിച്ചു രണ്ടു വിമാനങ്ങളിലും ഉണ്ടായിരുന്ന 67 പേർ മരിച്ച ദുരന്തം ഉണ്ടായത്.
അടുത്ത ദിവസം തന്നെ പൊതു വേദിയിൽ ഇത് ഒഴിവാക്കാൻ കഴിയുമായിരുന്ന അപകടമായിരുന്നു എന്നാണ് പ്രസിഡന്റ് പ്രതികരിച്ചത്.