ഗാന്ധിമാർഗം പ്രചരിപ്പിക്കുന്നതിനായി അമേരിക്കയിലൂടെ നടന്ന് ഇന്ത്യക്കാരൻ
പി.പി. ചെറിയാൻ
Wednesday, February 5, 2025 12:10 PM IST
സാൻ ഫ്രാൻസിസ്കോ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ആരംഭിച്ച് ഇന്ത്യക്കാരൻ.
മഹാരാഷ്ട്രയിലെ റാഷിൻ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 33 വയസുള്ള എൻജിനീയറായ നിതിൻ സോനാവാനെയാണ് യുഎസിലൂടെ നടക്കുന്നത്. സാൻ ഫ്രാൻസിസ്കോ മുതൽ വാഷിംഗ്ടൺ ഡിസി വരെ 19 സംസ്ഥാനങ്ങളിലും 26 പ്രധാന നഗരങ്ങളിലുമായി 4,000 മൈൽ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച യാത്ര ഓഗസ്റ്റ് 18ന് അവസാനിക്കുമെന്നാണ് കരുതുന്നത്. രാജ്യങ്ങൾ പരസ്പരം സഹായിക്കണം. അഹിംസ, സമത്വം, മനുഷ്യത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സോനാവാനെ പറഞ്ഞു.
ഇലക്ട്രോണിക്സ് എൻജിനിയറായി ജോലി ചെയ്തിരുന്ന സോനാവാനെ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ജോലി ഉപേക്ഷിച്ചു. കുടുംബത്തിൽ നിന്നും മുൻപ് എതിർപ്പുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. സോനാവാനെ തന്റെ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനിലൂടെയും സമൂഹ മാധ്യമത്തിലും സജീവമാണ്.