പാവങ്ങൾക്ക് വീടുകൾ നൽകുന്ന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ
സ്നേഹ സാബു
Friday, January 31, 2025 3:57 PM IST
കോട്ടയം: വേൾഡ് പീസ് മിഷന്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകൾ വീതം 140 വീടുകൾ പണിയുന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി നിർവഹിച്ചു. ചടങ്ങിൽ വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ അധ്യക്ഷനായിരുന്നു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനും മീഡിയ വില്ലേജ്, കെ.ആർ. നാരായണൻ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകനുമായിരുന്ന പ്രഫ. കവിയൂർ ശിവപ്രസാദ്, കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടോജോ ചിറ്റേട്ടുകളം എന്നിവർ ആശംസകൾ അറിയിച്ചു.
അശരണരും അതിദരിദ്രരുമായ സ്ത്രീകൾക്ക് സ്വന്തമായി ഒരു വീട് പണിത് നൽകുക എന്ന ലക്ഷ്യത്തോടെ വേൾഡ് പീസ് മിഷനും യുഎസ് വേൾഡ് പീസ് മിഷനും ചേർന്നാണ് ഈ പദ്ധതി ആരംഭിക്കുന്നത്. എല്ലാ സൗകര്യങ്ങളോടു കൂടിയ 140 വീടുകളാണ് പണിയുന്നത്.
ഓരോ ജില്ലയിൽ നിന്നും വേൾഡ് പീസ് മിഷന്റെ വുമൺ എംപവർമെന്റ് ഗ്രൂപ്പ്, അർഹരായവരെ കണ്ടെത്തി നൽകിയ അപേക്ഷകളിൽ നിന്നാണ് തെരഞ്ഞെടുത്തത്. വേൾഡ് പീസ് മിഷന്റെ കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബേബിച്ചൻ മഞ്ഞപ്രയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം മുത്തൂറ്റ് ഫിനാൻസുമായി ചേർന്നാണ് ആദ്യത്തെ 10 വീടുകൾ നിർമ്മിക്കുന്നത്. ആദ്യ വീടിന്റെ കല്ലിടിൽ കർമം ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് നടക്കും.
നിർധനരായവർക്ക് ഭക്ഷണ - വസ്ത്ര വിതരണം, പഠനത്തിൽ സമർഥരായ സാമ്പത്തിക ഞരുക്കമുള്ള വിദ്യാർഥികൾക്ക് പഠന സഹായം എന്നിവയും വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
ഫാമിലി കൗൺസിലിംഗ്, സ്റ്റുഡന്റ്സ് കൗൺസിലിംഗ്, ഗ്രെയ്സ് ഹെൽത്ത് ക്ലബ്, ഡീ-അഡിക്ഷൻ കൗൺസിലിംഗ് എന്നിവയും സംഘടനയുടെ മുഖ്യപ്രവർത്തനങ്ങളാണ്.
54 രാജ്യങ്ങളിലായി 18,000ത്തിലധികം വോളന്റീഴേസ് വേൾഡ് പീസ് മിഷന്റെ കർമപദ്ധതികളിൽ സജീവമാണ്.