സുനിത വില്യംസിനെ എത്രയും വേഗം ഭൂമിയിലെത്തിക്കണം; മസ്കിനോട് ട്രംപ്
Thursday, January 30, 2025 10:26 AM IST
വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ മടക്കിയെത്തിക്കാൻ സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു. എത്രയും വേഗം നടപടികളെടുക്കുമെന്ന് ഇലോൺ മസ്കും അറിയിച്ചു.
ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിനിതയും ബുച്ചും ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പേടകത്തിനു സാങ്കേതിക തകരാറുണ്ടായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ബൈഡൻ ഭരണകൂടം ഇരുവരെയും ഉപേക്ഷിച്ചെന്ന് ട്രംപ് ആരോപിച്ചു.
അതേസമയം, ബുച്ചിനെയും സുനിതയെയും മാർച്ച് അവസാനം സ്പേസ് എക്സ് പേടകത്തിൽ മടക്കിയെത്തിക്കാനാണു നാസ പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കുറച്ചുകൂടി വേഗമുണ്ടാകുമെന്നാണു ട്രംപിന്റെയും മസ്കിന്റെയും പ്രസ്താവനകൾ നല്കുന്ന സൂചന.