എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ പര്യായം: ആലങ്കോട് ലീലാകൃഷ്ണൻ
അമ്പഴയ്ക്കാട്ട് ശങ്കരൻ
Wednesday, February 5, 2025 1:28 PM IST
ന്യൂയോർക്ക്: എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ പര്യായമായി ലോകം മുഴുവൻ വ്യാപിച്ചിട്ട് ഏഴു പതിറ്റാണ്ട് കഴിഞ്ഞെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ.
നാലു തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാരതീവ്രതയോടുകൂടി ആധിപത്യ ഉറപ്പിച്ച ഒരു എഴുത്തുകാരൻ. മരിക്കുന്നവരേയും ജനഹൃദയങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തി അദ്ദേഹം.
എം.ടി പോയതോടുകൂടി ഭാഷയുടെ വംശവൃക്ഷം വീണതുപോലെയുള്ള അനുഭവം ഉണ്ടായി. കോടാനുകോടി മനുഷ്യർ അനാഥരായിപ്പോയതുപോലെ ഒരു അവസ്ത്ഥയിൽ അകപ്പെട്ടതായി ആലങ്കോട് പറഞ്ഞു.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ലാനയുടെ 2025 വർഷത്തെ പ്രവർത്തനോഘാടനവും എംടി അനുസ്മരണവും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്കാൾ കൂടുതൽ സാഹിത്യപരിപാടികൾ വിദൂരദേശങ്ങളിൽ നടക്കുന്നുണ്ട്. ലാന നടത്തുന്ന സാഹിത്യ - സാസ്കാരിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും ആഹ്ലാദം നല്കുന്നതുമാണെന്ന് പറഞ്ഞുകൊണ്ട് ലാനയുടെ 2005 പ്രവർത്തനോദ്ഘാടനം ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.
തുടർന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ കെ.എം. നരേന്ദ്രൻ സംസാരിച്ചു. പുരോഗമനപ്രസ്ഥാനം എന്ന് പറയുന്നത് ലോകത്തിലെ സർവ്വ വൈവിദ്ധ്യങ്ങളേയും കെെയിൽ ഒതുക്കാൻ പറ്റുന്ന തരത്തിലുള്ള ഹൃദയവിശാലതയുവർക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ലാനയുടെ പ്രവർത്തനോത്ഘാടന സമ്മേളനത്തിന് ആശംസ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്താധൂനിക കവിതകൾ ഉണ്ടായിട്ടുപോലും ഇന്ന് നാം മോഹിക്കുന്ന ചലചിത്രഗാനങ്ങൾ മുഴുവൻ കാല്പനികമാണ്.
പഴയ കാല്പനിക കവിതകളും ചലചിത്രഗാനങ്ങളും ഇന്നും നിലനില്ക്കുന്നുണ്ട്. നമുക്കത് ഇഷ്ടമാണ് എന്ന് നരേന്ദ്രൻ ആശംസ പ്രസംഗം തുടർന്നുകൊണ്ട് പറഞ്ഞു. ലാന പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതം പറഞ്ഞു.
ജോയിന്റ് ട്രഷറർ നിർമല ജോസഫ് കൃതജ്ഞത പ്രകാശിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ എംസിയായി പ്രവർത്തിച്ചു. ചർച്ചയിൽ രാജീവ് പഴുവിൽ, ഡോ. സുകുമാർ കനഡ എന്നിവർ പങ്കുചേർന്നു.
പ്രോഗ്രാമിന്റെ വീഡിയോ ലിങ്ക്: https://lanalit.org/video-gallery