കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ തെരുവിലറങ്ങി
പി.പി. ചെറിയാൻ
Wednesday, February 5, 2025 7:35 AM IST
ഡാളസ്: കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർഥികൾ തെരുവിലറങ്ങി. കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്കൂളുകളെയും ഇളക്കിമറിച്ച കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് നോർത്ത് ടെക്സസിലെ വിദ്യാർഥികൾ വെള്ളിയാഴ്ച തെരുവിലിറങ്ങിയത്.
40 ഓളം വിദ്യാർഥികൾ ഇർവിംഗ് ഹൈസ്കൂളിൽ നിന്ന് സിറ്റി ഹാളിലേക്ക് മാർച്ച് നടത്തി, പലരും മെക്സിക്കോയുടെയും ഹോണ്ടുറാസിന്റെയും പതാകകൾ വീശിയാണ് മാർച്ചിൽ പങ്കെടുത്തത് .തദ്ദേശീയ ഉദ്യോഗസ്ഥർ അവരുടെ ഉത്കണ്ഠ ശ്രദ്ധിക്കണമെന്ന് ആഗ്രഹിച്ചാണ് സിറ്റി ഹാളിലേക്ക് ഒരു മൈലിലധികം കാൽനടയായി പോയതെന്ന് വിദ്യാർഥികൾ പറഞ്ഞു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയമുണ്ടെന്നും ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
ട്രംപ് അധികാരമേറ്റയുടനെ കൂട്ട നാടുകടത്തൽ വാഗ്ദാനം ചെയ്യുകയും നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സ്കൂളുകൾ, ആശുപത്രികൾ, പള്ളികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് സ്ഥലങ്ങൾക്ക് സമീപമുള്ള ഫെഡറൽ ഇമിഗ്രേഷൻ അറസ്റ്റുകൾ പരിമിതപ്പെടുത്തുന്ന ബൈഡൻ കാലഘട്ടത്തിലെ മാർഗനിർദ്ദേശമാണ് ഈ സർക്കാർ ഭരണകൂടം പിൻവലിച്ചത്.