കടുപ്പിച്ച് ട്രംപ്; കുടിയേറ്റക്കാരിൽ ചിലരെ ഗ്വാണ്ടനാമോ ജയിലിലടയ്ക്കും
Thursday, January 30, 2025 1:22 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ ചിലരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലാക്കാൻ തീരുമാനം. 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യം ഗ്വാണ്ടനാമോയിൽ ഒരുക്കാൻ പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഉത്തരവ് നൽകുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ യുഎസ് നാവിക താവളത്തിലാണ് ഭീകരരെ പാർപ്പിക്കാറുള്ള അതീവസുരക്ഷയുള്ള ഈ ജയിൽ.
"അമേരിക്കൻ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരിൽ ചിലർ വളരെ മോശക്കാരാണ്. അവരുടെ രാജ്യങ്ങൾപോലും അവരെ സ്വീകരിക്കില്ല. യുഎസിൽനിന്നു നാടുകടത്തിയാൽ അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്’’ -ട്രംപ് പറഞ്ഞു.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്നു വിദേശഭീകരരെന്നു സംശയിക്കുന്നവരെ തടങ്കലിൽ വയ്ക്കാനാണ് 2002ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ഗ്വാണ്ടനാമോയിൽ ജയിൽ തുറന്നത്. നിലവിൽ 15 തടവുകാരുണ്ട്.
ഭീകരർക്കുള്ള ജയിലറകളിൽനിന്നു വ്യത്യസ്തമായാണു കുടിയേറ്റക്കാർക്കു സൗകര്യം ഒരുക്കുകയെന്നാണു റിപ്പോർട്ട്. അതേസമയം, അതിക്രൂരമായ തീരുമാനമാണു ട്രംപിന്റേതെന്നു ക്യൂബ പ്രതികരിച്ചു.