എസ്ബി അലുംമ്നി ഗ്ലോബല്‍ മഹാസമ്മേളനത്തിന് പരിസമാപ്തി
ആന്റണി ഫ്രാന്‍സീസ്
Saturday, February 1, 2025 7:12 AM IST
ഷിക്കാഗോ: ഭാരതത്തിന്റെ 76ാം റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ചങ്ങനാശേരി എസ്ബി കോളജില്‍ വച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനത്തിന് അമേരിക്കന്‍ ഐക്യനാടുകളിലെ എല്ലാ എസ്ബി പൂര്‍വ വിദ്യാര്‍ഥികളുടേയും ദേശിയ നെറ്റ് വർക്കിന്റെ അഭിനന്ദനങ്ങള്‍.
മുഖ്യാതിഥിയും എസ്ബി കോളജ് പൂര്‍വ വിദ്യാര്‍ഥിയും ബംഗളൂരു സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്ടര്പ്രണര്ഷിപ്പ് ചെയര്‍മാനുമായ പ്രഫ. ജെ. ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അലുംമ്നി അസോസിയേഷന് മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എന്‍.എം. മാത്യു അധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍ ആന്റണഇ ഏത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം സ്വാഗത പ്രസംഗവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, ബ്രിഗേഡിയര്‍ ഒ.എ. ജെയിംസ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യൂസ്, ബര്‍സാര്‍ ഫാ. ജെയിംസ് ആന്റണി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ഡോ. കെ. സിബി ജോസഫ്, അസോസിയേഷന് ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാന്, ഫാ. ജോണ്‍ ജെ. ചാവറ, ഡോ. ജോസഫ് ജോബ്, ഷാജി പാലാത്ര, ഡോ. സെബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.
കേരളാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, മുന്‍ ബ്രിസ്റ്റോള്‍ നോര്‍ത്ത് (ലണ്ടന്‍) മേയര്‍ ടോം അദിത്യ അടക്കമുള്ള നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നിബന്ധനകളും ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.
കോളജിനെ കൂടുതല്‍ ഉയരങ്ങളിലേക്കും നിലവാരത്തിലേക്കും ഉയര്‍ത്തുന്നതിനു വിദ്യാഭ്യാസ മേഖലയിലെ മോഡേണ്‍ ട്രെന്റ് അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ ആ ലക്ഷ്യപ്രാപ്തിയില്‍ എത്തുകയുള്ളുവെന്നും അതിന് എന്തൊക്കെ ചെയ്യണമെന്നുമുള്ളതും പ്രിന്‍സിപ്പല്‍ അച്ചന് തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളുടെ വിതരണം, 50 വര്‍ഷം പൂര്‍ത്തിയാക്കിയ പൂര് വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങുകള്‍, രണ്ട് ഘട്ടങ്ങളിലായി നടത്തിയ കലാസന്ധ്യ എന്നീ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സമ്മേളനത്തെ പ്രൗഢഗംഭീരമാക്കി.
ഈ മഹാ സമ്മേളനത്തിന്റെ വിജയത്തിനായി ചുക്കാന്‍പിടിച്ച എസ്.ബി അലുംമ്നി അസോസിയേഷന് മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍.എം. മാത്യുവിനും, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാനും മറ്റ് ഭാരവാഹികള്‍ക്കും കോളജ് പ്രിന്‍സിപ്പല്‍ റെജി അച്ചനും മറ്റ് കോളജ് അധികൃതര്‍ക്കും അമേരിക്കന്‍ എസ്ബി അലുംമ്നികളുടെ ദേശിയ നെറ്റ് വർക്കിന്റെ സ്നേഹാദരവുകളും അഭിനന്ദനങ്ങളും നേർന്നു.
വിവരങ്ങള്‍ക്ക്: 847 219 4897.