ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽനിന്നു നീക്കാൻ അമേരിക്ക
Wednesday, January 29, 2025 11:29 AM IST
വാഷിംഗ്ടൺ: ഭിന്നലിംഗക്കാരെ സൈന്യത്തിൽനിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ട്രാൻസ്ജെൻഡർ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി.
എന്നാൽ, ഭാവിയിൽ ട്രാൻസ്ജെൻഡറുകൾക്കു സൈന്യത്തിൽ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുൾപ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാർക്കുന്നതിനുള്ള നാല് എക്സിക്യൂട്ടീവ് ഉത്തരവുകളിലാണു ട്രംപ് ഒപ്പുവച്ചത്.
സൈന്യത്തിലെ ഡിഇഐ നയത്തിന് നിരോധനം ഏർപ്പെടുത്തുന്നതാണ് ഒരു ഉത്തരവ്. സായുധസേന, പ്രതിരോധവകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് എന്നിവയിൽ വംശീയമോ ലൈംഗികതയോ അടിസ്ഥാനമാക്കിയുള്ള മുൻഗണനകൾ നൽകുന്നതാണു ഡിഇഐ നയം.
കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിനു പുറത്താക്കിയ സൈനികരെ തിരിച്ചെടുക്കാനുള്ള ഉത്തരവാണു മറ്റൊന്ന്. മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം വികസിപ്പിക്കുന്നതിനുള്ള ഉത്തരവായിരുന്നു നാലാമത് ഒപ്പുവച്ചത്. ഇസ്രയേൽ ഗാസ യുദ്ധത്തിൽ ഉപയോഗിച്ചതിനു സമാനമായ പ്രതിരോധ സംവിധാനം നിർമിക്കാനാണു ലക്ഷ്യമിടുന്നത്.