അമേരിക്കൻ വിദേശ ധനസഹായ പദ്ധതികൾ നിർത്തിവച്ച് ട്രംപ്
Monday, January 27, 2025 10:21 AM IST
വാഷിംഗ്ടൺ: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് അമേരിക്ക വിദേശസഹായങ്ങൾ നിർത്തിവച്ചതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം നല്കുന്ന സാന്പത്തിക സഹായമാണ് 90 ദിവസത്തേക്കു നിർത്തിവച്ചിരിക്കുന്നത്.
ഇക്കാലയളവിൽ നടത്തുന്ന അവലോകനത്തിൽ, ട്രംപിന്റെ വിദേശനയത്തോട് ഒത്തുപോകുന്നു എന്നു കണ്ടെത്തിയാൽ മാത്രമേ സഹായങ്ങൾ പുനഃസ്ഥാപിക്കൂ. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സാന്പത്തികസഹായം നല്കുന്ന രാജ്യമാണ് അമേരിക്ക. 2023 വർഷത്തിൽ മാത്രം 72,00 കോടി ഡോളറാണു നല്കിയത്.
20ന് അധികാരമേറ്റ ട്രംപ് മണിക്കൂറുകൾക്കകം ഇതു നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്ന ഉത്തരവിൽ ഒപ്പുവച്ചു. പദ്ധതികൾ വിലയിരുത്തി, തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം നല്കിയിരിക്കുന്നത് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കാണ്.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിലെ ചില പദ്ധതികൾക്കുള്ള സഹായധനവും ഇതോടെ നിലച്ചതായി റിപ്പോർട്ടിൽ പറയുന്നു. വാക്സിനേഷൻ, പ്രസവരക്ഷ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇസ്രയേൽ, ഈജിപ്ത് രാജ്യങ്ങൾക്കു സൈനിക സഹായം തുടർന്നും ലഭിക്കേണ്ടതിനു മാർക്കോ റൂബിയോ പ്രത്യേക ഇളവു നല്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.