കാപ്പിറ്റൾ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നൽകി ട്രംപ്
പി.പി. ചെറിയാൻ
Thursday, January 23, 2025 3:46 PM IST
വാഷിംഗ്ടൺ: 2021 ജനുവരി ആറിന് നടന്ന യുഎസ് കാപ്പിറ്റൾ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നൽകുമെന്ന് വാഗ്ദാനം പാലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികം വൈകാതെ തന്നെ ട്രംപ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു. തടവിൽ കഴിയുന്നവരെ എത്രയും വേഗം വിട്ടയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യാപനത്തിൽ 14 പേരുടെ പേരുകൾ ഇടംപിടിച്ചിട്ടുണ്ട്. യുഎസിൽ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാപ്പ് നൽകാനുള്ള അധികാരം പ്രസിഡന്റിന് മാത്രമുള്ളതാണ്.
ജനുവരി ആറിന് നടന്ന ആക്രമണങ്ങളുടെ പേരിൽ 1,600ൽ അധികം ആളുകൾക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. 1,100 പേരുടെ കേസുകൾ തീർപ്പാക്കുകയും ശിക്ഷകൾ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മാരകമോ അപകടകരമോ ആയ ആയുധം ഉപയോഗിച്ചതിന് 170ലധികം പേർക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ജനുവരി ആറിലെ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിരിക്കുന്നവർക്കെതിരേ നിലവിലുള്ള എല്ലാ കുറ്റപത്രങ്ങളും തള്ളിക്കളയാൻ ട്രംപ് അറ്റോർണി ജനറലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.