സാഗുവാരോ തടാകത്തിലെ ബോട്ടിൽ മൂന്ന് പേർ മരിച്ചനിലയിൽ
പി.പി. ചെറിയാൻ
Thursday, January 23, 2025 7:55 AM IST
ഫീനിക്സ്: ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധ ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാരിക്കോപ കൗണ്ടി ഷെരീഫ് ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഫീനിക്സിൽ നിന്ന് ഏകദേശം 50 മിനിറ്റ് കിഴക്കായി സ്ഥിതി ചെയ്യുന്ന സാഗുവാരോ തടാക മറീനയിൽ വൈകുന്നേരത്തോടെ ഡെപ്യൂട്ടികൾ എത്തിയപ്പോൾ, ഒരു ബോട്ടിൽ മൂന്ന് പേർ മരിച്ചതായി കണ്ടെത്തിയതായി സാർജന്റ് കാൽബർട്ട് ഗില്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൗസ് ബോട്ടുകൾ പോലുള്ള വലിയ ബോട്ടുകളിൽ പലപ്പോഴും കാണപ്പെടുന്ന ഗ്യാസോലിൻപവർ ജനറേറ്ററുകളിൽ നിന്ന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.