അഗളി സ്കൂളിൽ ലോക പ്രമേഹദിനാചരണം
1479145
Friday, November 15, 2024 3:59 AM IST
അഗളി: അഗളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ലോക പ്രമേഹദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലയൺസ് ക്ലബ്ബും നാഷണൽ സർവീസ് സ്കീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തടസങ്ങൾ ഭേദിച്ച് വിടവുകൾ നികത്തൂ എന്ന സന്ദേശവുമായി റാലിയും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. കൂടാതെ വ്യായാമം ആരോഗ്യകരമായ ആഹാര ശീലങ്ങൾ മുൻകൂട്ടിയുള്ള രോഗനിർണയം, പ്രമേഹ പരിശോധന, ജീവിതശൈലി ബോധവത്കരണ ക്ലാസ് തുടങ്ങിയവയും നടത്തി.
അഗളി സ്കൂളിൽ നിന്നും ആരംഭിച്ച റാലി അഗളി സബ് ഇൻസ്പെക്ടർ അബ്ദുൾ ഖയൂം ഉദ്ഘാടനം ചെയ്തു. അഗളി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രതിദിനം പ്രമേഹ പരിശോധന എന്ന പരിപാടിയുടെ ഉദ്ഘാടനം അഗളി ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പ്രീനു പനക്കൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ ടോംസ് വർഗീസ് ക്ലാസെടുത്തു. ക്ലബ്ബ് പ്രസിഡന്റ് റോബിൻ കെ. തോമസ്, ട്രഷറർ സന്തോഷ് താഴെത്തുകുടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീജിത്ത്, തങ്കപ്പൻ, വിജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സാബിറ എന്നിവർ പ്രസംഗിച്ചു.