നിയമവിരുദ്ധമായി സ്ഥലം കൈയേറി മരം മുറിച്ചുകടത്തിയെന്ന് ആക്ഷേപം
1479129
Friday, November 15, 2024 3:58 AM IST
അഗളി: അട്ടപ്പാടിയിൽ നിയമവിരുദ്ധമായി സ്ഥലം കൈവശപ്പെടുത്തി മരക്കച്ചവടക്കാർ വീട്ടിമരങ്ങൾ മുറിച്ചുകടത്താൻ ശ്രമിക്കുന്നതായി പരാതി. എടത്തനാട്ടുകര ഉപ്പുകുളം കാഞ്ഞിരത്തുംകുന്നേൽ കെ.കെ. തോമസാണ് ഇതുസംബന്ധിച്ച പരാതി ഡിഎഫ്ഒയ്ക്കും മറ്റു വിവിധ വകുപ്പു മേലധികാരികൾക്കും നൽകിയത്.
തോമസിന്റെ പിതാവ് കുര്യാക്കോസ്, പിതൃസഹോദരൻ കെ.ടി. വർക്കി എന്നിവരുടെ ഉടമസ്ഥതയിലുള്ള അഗളി ഫോറസ്റ്റ് റേഞ്ചിൽ ഷോളയൂർ വെങ്കകടവിൽ 896/പിടി സർവേനമ്പരിൽ പെട്ട 7.2913 ഹെക്ടർ ഭൂമിയിലെ മരങ്ങളാണു മുറിച്ചു കൊണ്ടിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു.
കുര്യാക്കോസും കെ.ടി. വർക്കിയും വർഷങ്ങൾക്കുമുൻപ് മരണപ്പെട്ടതോടെ സ്ഥലം ആൾതാമസമില്ലാതെ കിടക്കുകയായിരുന്നു.
കഴിഞ്ഞദിവസം വെങ്കക്കടവിലെ സ്ഥലത്തെത്തിയപ്പോഴാണു മരംമുറി ശ്രദ്ധയിൽപ്പെട്ടത്. ഭൂമിക്ക് വ്യാജരേഖകൾ ചമച്ച് വിൽപ്പന നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുഴയോരത്തുനിൽക്കുന്ന 120 ഇഞ്ചിലധികം വണ്ണമുള്ള വീട്ടിമരവും ഇതിനു സമീപത്തായി രണ്ടുകൂറ്റൻ വീട്ടിമരങ്ങളും മുറിച്ചിട്ടുണ്ടെന്നു തോമസ് പറഞ്ഞു.
എന്നാൽ പ്രദേശത്ത് അനധികൃത മരം മുറി നടന്നിട്ടില്ലെന്നും ശരിയായ റിക്കാർഡുള്ള ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചിട്ടുള്ളതെന്നും പാഴ് മരങ്ങൾ അടക്കം പത്തുമരങ്ങൾ മുറിച്ചു നീക്കുന്നതിനു അനുമതി നൽകിയിട്ടുണ്ടെന്നും അഗളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.
ഇറിഗേഷൻ പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽനിന്നും അനധികൃത മരംമുറിയും ഭൂമികൈയേറ്റവും നടക്കുന്നതായി വ്യാപക ആരോപണം നിലനിൽക്കുന്നതിനിടെയാണ് മരംമുറി വിവാദമാകുന്നത്.