ചിറ്റൂർ വിക്ടോറിയ സ്കൂൾകെട്ടിടത്തിന്റെ ജനൽചില്ലുകൾ എറിഞ്ഞുതകർത്തു
1479135
Friday, November 15, 2024 3:58 AM IST
ചിറ്റൂർ: ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്കൂളിന്റെ ജനൽചില്ലുകൾ കല്ലെറിഞ്ഞു തകർത്തതായി പോലീസിൽ പരാതി. ചിറ്റൂർ സ്വദേശിനിയും ചലച്ചിത്ര പിന്നണിഗായികയുമായിരുന്ന അന്തരിച്ച പി. ലീലയുടെ സ്മരണാർഥം നിർമിച്ചിട്ടുള്ള കെട്ടിടത്തിലെ ജനാലചില്ലുകളാണ് എറിഞ്ഞുടച്ചത്. ഏഴ് ജനാലചില്ലുകൾ തകർന്നിട്ടുണ്ട്.
സമീപത്തെ പ്രധാന റോഡിൽനിന്നാണ് കല്ലും പാഴ് വസ്തുക്കളും കെട്ടിടത്തിലേക്ക് വലിച്ചെറിഞ്ഞത്. അടൽ ട്വിങ്കറിംഗ് ലാബും ക്ലാസ്മുറികളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
ഉപയോഗശൂന്യമായ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് പാഴ്വസ്തുക്കൾ എന്നിവ സ്കൂൾ വളപ്പിലും മതിലുകളിലും തള്ളുകയും ചെയ്തിട്ടുണ്ട്. പാഴ്വസ്തുക്കളും മറ്റും ക്ലാസ് മുറികളിലേക്കും വലിച്ചെറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.
കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂളധികൃതർ ചിറ്റൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാലയത്തിനെതിരെ നടന്ന നീചമായ ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും പ്രതികളെ കണ്ടെത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.