പോക്സോ കേസ് പ്രതിക്ക് മൂന്നുവർഷം തടവും പിഴയും
1478894
Thursday, November 14, 2024 4:25 AM IST
ആലത്തൂർ: പോക്സോ കേസ് പ്രതിക്ക് മൂന്നുവർഷവും ഒരു മാസവും തടവും 50,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണമ്പ്ര പുഞ്ചയിൽ വീട്ടിൽ രതീഷി (രാജു- 41) നെയാണ് ശിക്ഷിച്ചത്.
13 വയസ് പ്രായമുള്ള അതിജീവിതയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പിഴ അടയ്ക്കാത്തപക്ഷം ആറുമാസം അധികതടവ് അനുഭവിക്കണം.
പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്കു നൽകാനും ഉത്തരവായി. ആലത്തൂർ പോക്സോ കോടതി ജഡ്ജ് സന്തോഷ് കെ. വേണു ആണ് ശിക്ഷ വിധിച്ചത്.
2022 മേയ് എട്ടിനു പ്രതി നടത്തുന്ന കടയിൽ സാധനം വാങ്ങാൻ പോയ അതിജീവിതയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം.
വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ എസ്ഐ ടി.ഒ. ജയ്സൺ, എഎസ് ഐ അനന്തകൃഷ്ണൻ, സിപിഒ നിഷമോൾ തുടങ്ങിയവർ പങ്കെടുത്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ടി.എസ്. ബിന്ദു നായർ ഹാജരായി.