കൊഴിഞ്ഞാമ്പാറയിൽ സ്പിരിറ്റ് പിടികൂടിയ സംഭവം: മുഖ്യപ്രതിയും സഹായികളും അറസ്റ്റിൽ
1479130
Friday, November 15, 2024 3:58 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ വീട്ടിൽസൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയും സഹായികളായ രണ്ടുപേരും പോലീസ് പിടിയിൽ.
കഴിഞ്ഞമാസം 28ന് കൊഴിഞ്ഞാമ്പാറ മോടമ്പടി പാറുമാൻചള്ളയിൽ വീട്ടിലെ ജലസംഭരണിയിൽനിന്നാണ് കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടത്തിയത്.
കേസിലെ മുഖ്യപ്രതി കോഴിക്കോട് ബാലുശ്ശേരി കൊക്കലൂർ പുതിയപറമ്പിൽ വീട്ടിൽ കെ. സുനിൽകുമാർ(47), കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ ഐഎച്ച്ഡിപി കോളനിയിൽ സി. രാജീവ് (22), മണിമുത്തു നഗർ എം. ഹരിറാം (21) എന്നിവരെയാണ് കേസിന്റെ തുടരന്വേഷണത്തിനിടെ ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട നാലുപേരെ മുൻപ് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട കള്ളുഷാപ്പ് ലൈസൻസിയുടെ മാനേജരാണ് സുനിൽകുമാർ.
എരുത്തേമ്പതി പിടാരിമേട് കല്ലിക്കട്ടുകളം തെങ്ങിൻതോപ്പിലെ കള്ള് ചെത്തിക്കുന്നതിന്റെ ചുമതലയും ഇയാൾക്കാണ്.