വീണ്ടും മോഴയാനയുടെ പരാക്രമം; ഭീതിയിലായി മലയോരമേഖല
1478898
Thursday, November 14, 2024 4:25 AM IST
നെന്മാറ: മോഴയാന വീണ്ടുമിറങ്ങി വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വ്യാപകനാശം വരുത്തി. ബുധനാഴ്ച രാവിലെ കരിമ്പാറ, വടക്കൻചിറയിലെ ജോർജിന്റെ തൊഴുത്ത് തകർത്തു പശുവിനു മുകളിലേക്കു തള്ളിയിട്ടു. വിറളിപൂണ്ട പശു കയർപൊട്ടിച്ചോടി.
കോപ്പൻകുളമ്പ് റോഷി ജോണിയുടെ മുപ്പതോളം വാഴകൾ, മോഹനകൃഷ്ണന്റെ ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു. മോഹനകൃഷ്ണന്റെ വീട്ടുവളപ്പിൽ ഇതു മൂന്നാംതവണയാണ് കഴിഞ്ഞ 15 ദിവസത്തിനിടെ കാട്ടാനയെത്തി കൃഷിനാശം വരുത്തുന്നത്.
വനമേഖലയിൽനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെയുള്ള ജനവാസസ്ഥലമാണ് കോപ്പൻകുളമ്പ്. ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണു മോഴയാന കൃഷിയിടത്തിൽ കൃഷിനാശം തുടരുന്നതു ടാപ്പിംഗ്തൊഴിലാളികൾ കാണുന്നത്.
വിവരമറിയിച്ചതിനെതുടർന്ന് രാവിലെ ആറരയോടെ വനം വാച്ചർമാർ പടക്കവുമായി എത്തിയാണ് ആനയെ വീട്ടുവിളപ്പുകളിൽനിന്ന് തുരത്തിയത്. ഇതിനിടെ വടക്കൻചിറ തടികുളങ്ങര ജോർജിന്റെ വീട്ടുവളപ്പിലെ പശുത്തൊഴുത്ത് ആന തല്ലിത്തകർത്തിട്ടു.
തുടർന്ന് വടക്കഞ്ചിറ ടി.പി. വർഗീസ്, ജോസ്, തങ്കച്ചൻ എന്നിവരുടെ വീട്ടുവളപ്പിലും റബർതോട്ടങ്ങളിലൂടെയും ഓടിനടന്നു നാശംവരുത്തി. നേരംവെളുത്ത സമയമായതിനാൽ നിരവധിപേർ ആനയെ കാണാനായി വീട്ടുപരിസരത്ത് ഇറങ്ങിനിന്ന് ഒച്ചവച്ചു.
പടക്കവുമായി വനപാലകർ ആനയ്ക്ക് പിന്നാലെ എത്തിയതോടെ ഒരുകിലോമീറ്റർ അപ്പുറത്തുള്ള കൽച്ചാടിപുഴയുടെ സമീപത്ത് ആന നിലയുറപ്പിച്ചു. പടക്കം പൊട്ടിച്ചതിനെ തുടർന്നു ആന പുഴിയിലിറങ്ങി നിന്നെങ്കിലും മറുകര കയറാൻ കൂട്ടാക്കിയില്ല. പിന്നീട് ഏറെ പണപ്പെട്ട് ആനയെ വനമേഖലയിലേക്കു തുരത്തുകയായിരുന്നു.