പാലക്കാട്ടെ ഹോം വോട്ടിംഗ് അവസാനിച്ചു
1478719
Wednesday, November 13, 2024 5:45 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഹോംവോട്ടിംഗിനായി അനുവദിച്ച സമയം അവസാനിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ക്കും 85 നുമുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാന്‍ അവസരം നല്‍കുന്നതായിരുന്നു ഹോംവോട്ടിംഗ് സംവിധാനം. 85 വയസിനു മുകളില്‍പ്രായമുള്ള 745 പേരാണ് ഹോം വോട്ടിംഗിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
ഇതില്‍ 721 പേര് വോട്ടുരേഖപ്പെടുത്തി. ഭിന്നശേഷിക്കാരായ 134 പേര് അപേക്ഷിച്ചതില്‍ 133 പേരും വോട്ടുരേഖപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് വരണാധികാരിയും ആര്‍ഡിഒയുമായ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണു ഹോംവോട്ടിംഗ് നടന്നത്. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍, അതതു സ്ഥലത്തെ ബിഎല്‍ഒ, റവന്യൂ ഉദ്യോഗസ്ഥന്, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവര്‍ അടങ്ങിയ 12 ടീമുകളായി തിരിഞ്ഞാണു വോട്ടിംഗ് പൂര്‍ത്തിയാക്കിയത്. മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥസംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ടുരേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.