ഒറ്റപ്പാലം താലൂക്കാശുപത്രിക്കു പുതിയ കെട്ടിടമായി
1478716
Wednesday, November 13, 2024 5:45 AM IST
ഒറ്റപ്പാലം: നിർമാണം പൂർത്തിയായ താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ പ്രവർത്തനക്ഷമമാക്കും. അത്യാഹിതവിഭാഗം കൂടി ഉൾപ്പെട്ടതാണ് പുതിയ കെട്ടിടം. കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിലവിലെ പരിമിതസൗകര്യങ്ങളിൽനിന്ന് വിപുലമായ സൗകര്യങ്ങളിലേക്ക് മാറാനുള്ള പദ്ധതിയാണ് നീണ്ടുപോകുന്നത്.
കിഫ്ബിയിലുൾപ്പെടുത്തി 10.65 കോടി രൂപ ചെലവിൽ ആധുനികസൗകര്യങ്ങളോടെയാണ് മൂന്നുനിലകെട്ടിടം നിർമിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തുതന്നെ നിർമാണം പൂർത്തിയായിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം വന്നതോടെ ഉദ്ഘാടനം നീണ്ടു.
സെപ്റ്റംബറിൽ അഗ്നിരക്ഷാസേനയുടേതുൾപ്പെടെയുള്ള രേഖകളെല്ലാം സജ്ജമായി. ഉദ്ഘാടനത്തിനുള്ള ആലോചനകൾക്കിടെ പാലക്കാട് ഉപതെരഞ്ഞെടുപ്പുകൂടി വന്നതോടെ ഉദ്ഘാടനം വീണ്ടും നീണ്ടു. പെരുമാറ്റച്ചട്ടം ജില്ലയിലാകെ ബാധകമായതാണ് പ്രശ്നം. തെരഞ്ഞെടുപ്പുഫലം വന്നശേഷമേ ഈകാര്യത്തിൽ തീരുമാനമെടുക്കാനാകൂ. അടച്ചിട്ട നിലയിൽ കെട്ടിടം കിടക്കുമ്പോൾ എലിയോ മറ്റ് ജന്തുക്കളോ കയറി വയറുകളും മറ്റും കടിച്ച് കേടുപാടുണ്ടാക്കുമോയെന്ന ആശങ്ക കരാറുകാർക്കുണ്ട്.
പ്രവർത്തനം തുടങ്ങുന്നതോടെ ആശുപത്രിയുടെ പ്രധാനകെട്ടിടമായി പുതിയ കെട്ടിടം മാറും. അത്യാഹിതവിഭാഗം, സിടി, എക്സ്റേ, ചെറിയ ശസ്ത്രക്രിയാമുറി എന്നിവയടങ്ങുന്നതാണ് ഒന്നാംനില.
രണ്ടാം നിലയും മൂന്നാം നിലയുമാണ് ഒപി ക്കായി സജ്ജമാക്കിയിട്ടുള്ളത്. മൂന്നാംനിലയിൽ വിവിധ ലാബുകളും പ്രവർത്തിക്കും. നിലവിൽ അത്യാഹിതവിഭാഗം സ്ഥലപരിമിതിയിലാണ് പ്രവർത്തിക്കുന്നത്.