ഇടിപിബിഎസ് സംവിധാനം: ബാലറ്റ് നല്കിയതു 315 സര്‍വീസ് വോട്ടര്‍മാര്‍ക്ക്
1478720
Wednesday, November 13, 2024 5:45 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി ബാലറ്റ് നല്‍കിയത് 315 സര്‍വീസ് വോട്ടര്‍മാര്‍ക്ക്. ഉപതെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേകംസജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ് വരണാധികാരി ഇ-ബാലറ്റുകള്‍ അയച്ചത്.
294 പുരുഷവോട്ടര്‍മാരും 21 സ്ത്രീ സര്‍വീസ് വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ടുചെയ്യാന്‍ അവസരം. വോട്ടെണ്ണല്‍ ദിവസം രാവിലെ 7.59 വരെ തപാല്‍വഴി ലഭിക്കുന്ന ബാലറ്റുകള്‍ കൗണ്ടിംഗിനായി പരിഗണിക്കും. ക്യുആര്‍ കോഡ്സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിംഗ് സമയത്ത് ഈ പോസ്റ്റല്‍ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റല്‍ ബാലറ്റുമാത്രമേ കൗണ്ടിംഗിനായി പരിഗണിക്കൂ.
അവശ്യസര്‍വീസ് ജീവനക്കാരുടെ
വോട്ടിംഗ്: അപേക്ഷ നല്കിയതു 61 പേര്
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുന്നതിനായി പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങി അവശ്യസര്‍വീസ് വിഭാഗത്തില്‍നിന്നും അപേക്ഷ സമര്‍പ്പിച്ചതു 61 പേര്. പാലക്കാട് ആര്‍ഡിഒ ക്വാര്‍ട്ടേഴ്സില്‍ 16 മുതല്‍ 18വരെ സജ്ജീകരിക്കുന്ന പോസ്റ്റല്‍വോട്ടിംഗ് സെന്ററിലെത്തിയാണ് ഇവര്‍ വോട്ടുരേഖപ്പെടുത്തുക.
ഉപതെരഞ്ഞെടുപ്പ് അവധി
പാലക്കാട് മണ്ഡലത്തില്‍മാത്രം
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന 20 ന് പാലക്കാട് നിയോജക മണ്ഡല പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മാത്രമാണ് പൊതുഭരണവകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 20ന് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കളക്ടറുടെ വിശദീകരണം.