കാണികളുടെ മനം കീഴടക്കി എഴുപത്തിയേഴുകാരൻ ജോസേട്ടൻ
1479132
Friday, November 15, 2024 3:58 AM IST
വടക്കഞ്ചേരി: പത്തുകിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കാൻ എഴുപത്തിയേഴുകാരനായ മംഗലംഡാം പറശേരിയിലെ കിഴക്കേക്കര ജോസേട്ടനും. കുട്ടികൾക്കും യുവാക്കൾക്കുമൊപ്പം ഓടി ജോസേട്ടൻ മത്സരം പൂർത്തിയാക്കുകയും ചെയ്തു.
സമ്മാനങ്ങൾക്കപ്പുറം 10 കിലോമീറ്റർ ഓടി ഫിനിഷ് ചെയ്യാനായതിലായിരുന്നു ജോസേട്ടന്റെ സന്തോഷം. നല്ല പ്രായത്തിൽ വിദേശരാജ്യങ്ങളിലെ പല മാരത്തോണിലും ജോസേട്ടൻ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
പക്ഷെ, പ്രായം കുറെ കടന്നുപോയില്ലേ. മുടി കറുപ്പിച്ചാലും പ്രായം കുറയില്ലല്ലോ എന്നായിരുന്നു ഓടി ഫിനിഷ് ചെയ്തപ്പോൾ കൂടി നിന്നവരോടുള്ള ജോസേട്ടന്റെ കമന്റ്.
ഓട്ടത്തിനായി രാവിലെ ഏഴരക്ക് മൂലങ്കോട് ക്ഷേത്ര ജംഗ്ഷനിലെ സ്റ്റാർട്ടിംഗ് പോയിന്റിൽ കുട്ടികൾക്കും യുവാക്കൾക്കുമൊപ്പം നിൽക്കുമ്പോൾ ഇത്ര വലിയ പ്രായകൂടുതൽ പുറത്തുകാണിക്കാതെ ചുറുചുറുക്കൊടെയാണു നിന്നത്.
മുടിയെല്ലാം കറുത്തതിനാൽ സഹഓട്ടക്കാരും ചെറുപ്പക്കാരനായിട്ടെ ജോസേട്ടനെ കണ്ടുള്ളു. ദൂരവും വയസും ഒന്നിക്കുന്ന 1077 ചെസ്റ്റ് നമ്പർ വേണമെന്ന നിർബന്ധത്തിൽ ജോസേട്ടനായി ഈ നമ്പറും സംഘാടകർ മാറ്റിവച്ചിരുന്നു.
ഓട്ടംതുടങ്ങി നാലുംഅഞ്ചും കിലോമീറ്റർ പിന്നിട്ടപ്പോൾ പലരും വഴിയിൽ തളർന്നിരിക്കാൻ തുടങ്ങി.
പക്ഷെ, ജോസേട്ടൻ അതൊന്നും മൈൻഡ് ചെയ്തില്ല. തന്റെ ലക്ഷ്യം മാരത്തോൺ ഫിനിഷ് ചെയ്യുക എന്നതായിരുന്നു.
എന്നാൽ ഓട്ടത്തിന്റെ അവസാന ഭാഗമായ കുറവായ് കയറ്റം മറ്റുള്ളവരെപ്പോലെ ജോസേട്ടനേയും തളർത്തി. ഇതു ഓട്ടത്തിന്റെ സമയം ദീർഘിപ്പിക്കാനും കാരണമായി. 400 മീറ്ററോളം ദൂരം കുത്തനെയുള്ളതാണു കുറവായ് കയറ്റം.
തോൽക്കാൻ മനസില്ല എന്ന് ദൃഢനിശ്ചയമുള്ളതിനാൽ കയറ്റവുംകയറി പന്നിയങ്കര ശോഭാ അക്കാദമി ഗ്രൗണ്ടിലെ ഫിനിഷിംഗ് പോയിന്റിലെത്തി താരക്കൂട്ടങ്ങളുടെ കൈയടിനേടി. സമാപന വേദിയിൽ ജോസേട്ടനെ പ്രത്യേക ആദരവുകളും നൽകുകയുണ്ടായി.
എഴുപത്തിയേഴാം വയസിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി രണ്ടുമാസം മുമ്പ് ജോസേട്ടൻ വാർത്തകളിലും നിറഞ്ഞു നിന്നിരുന്നു.