കരിമ്പാറ തളിപ്പാടത്ത് കാട്ടാനയിറങ്ങി: ഭീതിയിൽ പ്രദേശവാസികൾ
1478723
Wednesday, November 13, 2024 5:45 AM IST
നെന്മാറ: കരിമ്പാറ തളിപ്പാടത്ത് ചൊവ്വാഴ്ച പുലർച്ചെ കാട്ടാനയിറങ്ങി. റോഡരികിലെ വാഴകളും സമീപത്തെ കള്ളുഷാപ്പിനോടുചേർന്ന വാഴകളും തിന്നുനശിപ്പിച്ചു. തളിപ്പാടത്ത് കാട്ടാന ഇറങ്ങിയതോടെ കരിമ്പാറ തളിപ്പാടം ചാത്തമംഗലം മേഖലയിലെ പ്രഭാത സവാരിക്കാരാണ് ഭീതിയിലായത്. റോഡരികിലെ വാഴ തിന്നുന്നതിനു അന്‍പതുമീറ്റർ അപ്പുറത്ത് നിരവധി വീടുകളുള്ള സ്ഥലമാണ്. അതിരാവിലെ നടക്കാൻ ഇറങ്ങിയവരും വാഹന യാത്രക്കാരുമാണു മോഴയാനയെ നെന്മാറ കരിമ്പാറ റോഡരികിൽ കണ്ടത്. വാഹന യാത്രക്കാരനായ സിദ്ദീഖ് റോഡരികിൽ ആനയെ കണ്ടതോടെ പ്രഭാത സഞ്ചാരികളെയും വാഹന യാത്രക്കാരെയും ആനയുടെ മുന്നിൽ പെടാതെ മുന്നറിയിപ്പുനൽകി.
വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് 5.30ന് വനംവാച്ചർമാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സമീപത്തെ വനമേഖലയിലേക്കു കയറാൻ കൂട്ടാക്കിയില്ല. മാട്ടായി, പോത്തുണ്ടി ദിശയിലെ കനാൽ ബണ്ട് റോഡിലൂടെ ഓടിയെങ്കിലും അല്പ ദൂരത്തിനു ശേഷം ആന വാച്ചർമാർക്കുനേരെ തിരിഞ്ഞ് തളിപ്പാടം കള്ളുഷാപ്പിനു മുന്നിലേക്ക് തിരികെ വന്നു.
നേരം വെളുത്തിട്ടും ആന കാടുകയറാതെ മലയോര മേഖലയിൽ തന്നെ നിന്നതോടെ നിരവധി പേർ റോഡിൽ തടിച്ചുകൂടി. രാവിലെ ഏഴിനു വീണ്ടും റോഡരികിലെത്തിയ ആനയെ വനം ജീവനക്കാരെത്തിയാണ് റബർബുള്ളറ്റും പടക്കവും ഉപയോഗിച്ച് പൂങ്ങോട് മലമുകളിലേക്കു പത്തുമണിയോടെ കയറ്റിവിട്ടത്.