ആവേശമായി ശോഭാ അക്കാദമിയുടെ സംസ്ഥാനതല മാരത്തോൺ മത്സരം
1479131
Friday, November 15, 2024 3:58 AM IST
വടക്കഞ്ചേരി: പന്നിയങ്കര ശോഭ അക്കാദമിയിലെ സ്റ്റുഡൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ശിശുദിനമായ ഇന്നലെ നടത്തിയ മാരത്തോൺ മത്സരം ആവേശംവിതറി.
ലൗ യുവർ ലൈഫ് എന്ന് പേരിട്ട സംസ്ഥാനതല മാരത്തോണിൽ പങ്കെടുത്തത് 222 പേർ. അഞ്ചുകിലോമീറ്റർ, പത്തുകിലോമീറ്റർ ഗ്രാമവഴികളിലൂടെ ഓടിയെത്തുന്നതായിരുന്നു മാരത്തോൺ. എട്ടുവയസു മുതൽ 77 വയസുവരെയുള്ളവർ മാരത്തോണിൽ പങ്കെടുത്തു. എഴുപത്തിയേഴുകാരൻ മംഗലംഡാം പറശേരിയിലെ കിഴക്കേക്കര ജോസേട്ടനായിരുന്നു പത്തുകിലോമീറ്റർ മാരത്തണിലെ സീനിയർ താരം.
വിവിധ ജില്ലകളിലെ സ്കൂൾ, കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ, ക്ലബ് അംഗങ്ങൾ, സീനിയർ സിറ്റിസൺസ്, റിട്ടയേർഡ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ളവർ വെള്ള ജേഴ്സിയണിഞ്ഞ് മാരത്തണിൽ അണിനിരന്നു.
രാവിലെ ഏഴരക്ക് മൂലങ്കോട് ക്ഷേത്ര ജംഗ്ഷനിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കെ.ഡി. പ്രസേനൻ എംഎൽഎ പത്തുകിലോമീറ്റർ മാരത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ഇ. ബൈജുവായിരുന്നു അഞ്ചുകിലോമീറ്റർ മാരത്തോണിന്റെ ഉദ്ഘാടകൻ.
കേരള അത് ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ശോഭാ എജ്യുക്കേഷൻ ഡയറക്ടർ ഡോ.വി. ഗംഗാധരൻ, പ്രിൻസിപ്പൽ രജീത രാജീവൻ എന്നിവർ പ്രസംഗിച്ചു. മൂലങ്കോടുനിന്നും തുടങ്ങി മമ്പാട്, കുണ്ടുകാട്, കണ്ണംകുളം, കണക്കൻതുരുത്തി, കുറുവായ് വഴി പന്നിയങ്കര ശോഭാ അക്കാദമിയിലെ ജൂനിയർ ഗ്രൗണ്ടിലായിരുന്നു രണ്ടുമാരത്തോണിന്റെയും ഫിനിഷിംഗ് പോയിന്റ്.
അഞ്ചുകിലോമീറ്റർ മാരത്തൺ ആരംഭിച്ചത് കണ്ണംകുളം ജംഗ്ഷനിൽ നിന്നായിരുന്നു. അവിടെ നിന്നും കണക്കൻ തുരുത്തി കുറുവായ് കയറ്റം കയറി പന്നിയങ്കര ശോഭാ അക്കാദമിയിലെത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾകാർക്ക് കാഷ് പ്രൈസും മെഡലുകളും നൽകി.