വൈദ്യുതിക്കെണി അപകടങ്ങൾ: മുന്നറിയിപ്പുമായി പോലീസ്
1479133
Friday, November 15, 2024 3:58 AM IST
പാലക്കാട്: ജില്ലയിൽ അടുത്തകാലത്തായി വന്യമൃഗങ്ങളെ പ്രത്യേകിച്ച് കാട്ടുപന്നിയെ വേട്ടയാടി പിടിക്കുന്നതിനായി അനധികൃതമായി വൈദ്യുതിലൈനിൽനിന്നും കണക്്ഷനെടുത്ത് കെണി ഒരുക്കുന്ന സംഭവങ്ങൾ കൂടിയതിനെതിരേ പ്രതികരണവുമായി അധികൃതർ. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങൾക്ക് കെണിയൊ രുക്കുന്നത് നിയമവിരുദ്ധമാണ്.
ഇത്തരത്തിൽ കെണിയൊരുക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും വ്യക്തികൾ മരണപ്പെടാൻ ഇടയായാൽ, ഉത്തരവാദികളായവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കും. ഇത്തരത്തിൽ വൈദ്യുത കെണി ഒരുക്കുന്നത് പൊതു ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഇക്കാര്യം പോലീസിനെയോ, വൈദ്യുത വകുപ്പിനേയോ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്.
ഈവർഷത്തിൽ വന്യമൃഗങ്ങൾക്ക് അനധികൃതമായി ഒരുക്കിയ കെണിയിൽപ്പെട്ട് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുസ്ത്രീ മരണപ്പെടുന്നതിനും വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുസംഭവങ്ങളിലായി ഒരു സ്ത്രീയും, ഒരു പുരുഷനും മരണപ്പെടുന്നതിനും കാരണമായിട്ടുണ്ട്.
കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പുരുഷൻ മരണപ്പെടുന്നതിനും, കഴിഞ്ഞദിവസം വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ അച്ഛനും, മകനും ഷോക്കേറ്റ് മരണപ്പെട്ട സംഭവങ്ങളുണ്ടായിട്ടുള്ളതാണെന്നു സംഭവങ്ങളിൽ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.