വീണ്ടും കാട്ടാനക്കലിപ്പ്; കരിമ്പാറ മേഖലയിൽ ജനജീവിതം ദുരിതം
1461577
Wednesday, October 16, 2024 6:47 AM IST
നെന്മാറ: കരിമ്പാറ ചേവണി മേഖലയിൽ കാട്ടാന വ്യാപകമായി കൃഷിനാശം വരുത്തി. വാഴ, ഫലവൃക്ഷങ്ങൾ, പച്ചക്കറിചെടികൾ, കുടിവെള്ളപൈപ്പുകൾ, പാചകപ്പുര, വീട്ടുപരിസരത്തെ വിറകുപുര, ശുചിമുറികൾ എന്നിവ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
സമീപപ്രദേശങ്ങളിൽ കഴിഞ്ഞ കുറേ ദിവസമായി നാശം വരുത്തിയിരുന്ന മോഴയാനയാണ് ചേവിണി മേഖലയിൽ ഇറങ്ങിയത്. വനമേഖലയോട് ചേർന്ന് സൗരോർജവേലി തകർത്താണ് പതിനഞ്ചോളം വീടുകളുള്ള ചേവണിയിലെ വീട്ടുവളപ്പുകളിൽ നാശം വരുത്തിയിട്ടുള്ളത്. രാവിലെ 5 ന് ചേവിണിയിലെ എം. അലിയാന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന മുരിങ്ങക്കമ്പ് ഒടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ആനയുടെ സാനിധ്യം അറിഞ്ഞത്.
തുടർന്ന് വീട്ടുകാർ അയൽക്കാരെയും വിളിച്ച് ബഹളം കൂട്ടിയതോടെയാണ് ആന പ്രദേശം വിട്ടുപോയത്. നെറ്റ് വേലിയും അടുക്കളയുടെ ഒരുവശവും വീട്ടുവളപ്പിലെ വാഴ, പച്ചക്കറി തുടങ്ങിയ കാർഷിക വിളകൾ മുഴുവൻ നശിപ്പിച്ചു.
സമീപത്ത് താമസിക്കുന്ന എം. നബീസ, ഇ. അസനാർ, ശോഭന അനിൽകുമാർ, സുലൈഖ മജീദ്, കെ. നബീസ, മനു, സജിത, നൗഷാദ്, കാസിം, ജി. ജമീല, രാജൻ തുടങ്ങിയവരുടെ വീട്ടുവളപ്പുകളിലൂടെ നടന്ന കാട്ടാന വേലികൾ, വിറകുപുര, ചെറു ജലസംഭരണി തുടങ്ങിയവ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. അതിരാവിലെ റബർ ടാപ്പിംഗ്, പാൽവിതരണം തുടങ്ങി ദൂരദിക്കുകളിലേക്ക് ജോലിക്ക് പോകുന്നവരും ഭീതിയിലായി.
വനമേഖലയോട് ചേർന്ന സൗരോർജവേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും പുതിയ ബാറ്ററിയും അറ്റകുറ്റപ്പണികളും നടത്തി രാത്രി മുഴുവൻ സമയമെങ്കിലും വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള രീതിയിൽ പ്രവർത്തിപ്പിക്കണമെന്നും മേഖലയിൽ തൂക്കുവേലി സ്ഥാപിച്ച് കാട്ടാനയുടെ ഭീഷണി അകറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. സ്ഥിരമായി ജനവാസ മേഖലയിൽ വരുന്ന മോഴയാനയെ വനത്തിലേക്ക് കയറ്റി വിടണമെന്നാവശ്യം ശക്തമായി. ദ്രുതപ്രതികരണസേന (ആർആർടി ) യുടെ സേവനം ലഭ്യമാക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വിവരമറിയിച്ചതിനെ തുടർന്ന് നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷൻ ജീവനക്കാർ നാശനഷ്ടം വരുത്തിയ സ്ഥലം സന്ദർശിച്ചു. നാലുദിവസം മുമ്പ് സമീപപ്രദേശമായ കൽച്ചാടി, ചള്ള, പൂഞ്ചേരി ഭാഗങ്ങളിലും മോഴയാന കാർഷിക ജനവാസ മേഖലകളിൽ കൃഷിനാശം വരുത്തിയിരുന്നു.