കാർഷിക പദ്ധതികൾ വിലയിരുത്താൻ കേന്ദ്രസംഘം നെന്മാറയിലെത്തി
1591427
Sunday, September 14, 2025 1:15 AM IST
നെന്മാറ: കാർഷിക മേഖലയിലെ കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകനവും പ്രവർത്തന പുരോഗതിയും വിലയിരുത്താൻ ജില്ലയിൽ കേന്ദ്രസംഘത്തിന്റെ പര്യടനം ആരംഭിച്ചു.
പ്രവർത്തന പുരോഗതി വിലയിരുത്താനും ഫീൽഡ്തല പരിശോധനയ്ക്കുമായാണ് സംഘമെത്തിയത്. ഇതിന്റെ ഭാഗമായി നെന്മാറ വിത്തനശ്ശേരിയിൽ കൃഷിയിടം സന്ദർശിച്ചു.
യന്ത്രവത്കരണവും സാങ്കേതികത്വവും വിഭാഗം കേന്ദ്ര ജോയിന്റ് സെക്രട്ടറി എസ്. രുക്മണി, ഡെപ്യൂട്ടി കമ്മീഷണർ എ.എൻ. മെശ്രാം, എഫ്എംടിടിഐ, ഹിസാർ ഡയറക്ടർ ഡോ. മുകേഷ് ജെയിൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആറുമുഖപ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർമാരായ വി.സി. ഹരീന്ദ്രൻ, എംഡി സതീഷ് കുമാർ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജെ. ബിന്ദു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ചുമതലയുള്ള എം.കെ. മാനസ, കൃഷി ഓഫീസർ ധന്യ എന്നിവരും സംഘത്തെ അനുഗമിച്ചു.
ജില്ലയിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും കേന്ദ്രസംഘത്തെ ധരിപ്പിച്ചു. നെൽകൃഷി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്. പാലക്കാട്, തൃശൂർ, കുട്ടനാട്( ആലപ്പുഴ) മേഖലകളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് നെന്മാറയിൽ സംഘമെത്തിയത്.
വിവിധ പ്രദേശങ്ങളിലായി നടത്തുന്ന സന്ദർശനത്തിൽ പാട്നയിലെ അരി ഗവേഷണകേന്ദ്രം, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്, കേരള കാർഷിക സർവകലാശാല, ഐഐആർആർ ഹൈദരാബാദ്, നാളികേര വികസന ബോർഡ്, മുതിർന്ന കാർഷിക ശാസ്ത്രജ്ഞർ എന്നിവർ അടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങളിലെ പ്രാദേശിക കർഷകരുമായി സംവദിക്കും.