അയ്യപ്പൻകാവ് ജംഗ്ഷനിൽ വേഗനിയന്ത്രണം നടപ്പാക്കും: കെ. ശാന്തകുമാരി എംഎൽഎ
1591431
Sunday, September 14, 2025 1:15 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് കോങ്ങാട് റോഡിൽ അപകടം പതിവായ കാരാകുറുശ്ശി അയ്യപ്പൻകാവ് ജംഗ്ഷനിൽ താത്കാലിക വേഗനിയന്ത്രണ സംവിധാനം ഒരുക്കും.
കെ. ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിൽ മോട്ടോർവാഹന വകുപ്പും പോലീസും കഴിഞ്ഞദിവസം സ്ഥലം സന്ദർശനത്തിനെ തുടർന്നാണ് തീരുമാനം. ഇറക്കവും വളവുമുള്ള ജംഗ്ഷനിൽ വേഗനിയന്ത്രണ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തത് അപകടങ്ങൾക്കു കാരണമായിരുന്നു.
തൊട്ടടുത്ത ജംഗ്ഷനിലെ റോഡിലും വേഗനിയന്ത്രണം കൊണ്ടുവരും. കുളപ്പാൽ റോഡ്, പെരുന്തച്ചൻ പാത, ബാങ്ക് റോഡ്, നിരഞ്ജൻ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ടിപ്പുസുൽത്താൻ റോഡിലെയും നിരഞ്ജൻ റോഡിലെയും നവീകരണം പൂർത്തിയായതിനാൽ വാഹനങ്ങൾക്ക് അമിതവേഗമാണെന്നും പരാതിയുണ്ട്. അപകടഭീഷണി സംബന്ധിച്ച പരാതികൾ ഉയർന്നതോടെയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. റബിൾ സ്ട്രിപ്പ് സ്ഥാപിക്കലും ഗതാഗത നിയന്ത്രണവുമടക്കം ചർച്ചയിൽ വന്നു.
ഇതു സംബന്ധിച്ച് സമഗ്രമായ യോഗം ചേരുമെന്നും തുടർ നടപടികൾ തീരുമാനിക്കുമെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷ പ്രേമലത, ജില്ല പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി എന്നിവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.