വടക്കഞ്ചേരിയിൽ ഹോട്ടൽ ഭക്ഷണത്തിൽനിന്നു വിഷബാധയേറ്റ 20 പേർ ചികിത്സയിൽ
1591430
Sunday, September 14, 2025 1:15 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ മെയിൻ റോഡിൽ ബസ് സ്റ്റാൻഡിനുമുന്നിലായുള്ള അൽ ചങ്ങായീസ് എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ.
അൽഫാം, മന്തി മറ്റു ചിക്കൻ കലർന്ന ഭക്ഷണങ്ങൾ, മയോണീസ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമാണ് ആളുകൾ ചികിത്സയിലുള്ളത്.
ഭക്ഷ്യവിഷബാധയേറ്റ വിവരം അധികൃതർ രഹസ്യമാക്കിവച്ചത് സംഭവം പുറത്തറിയാനും വൈകി. വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നാലുപേർക്കു മാത്രമാണ് ഭക്ഷ്യവിഷബാധയുണ്ടായിട്ടുള്ളതെന്ന വിശദീകരണമാണ് ഭഷ്യ സുരക്ഷാ ഓഫീസർ ഒ.പി. നന്ദകിഷോർ പറയുന്നത്.
ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പഴകിയതൊന്നും കണ്ടെത്താനായില്ലെന്നും ഹോട്ടലിൽ ശുചിത്വത്തിന്റെ കുറവും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പിഴവുമാണ് കാണാനായതെന്നും ഭഷ്യസുരക്ഷാ ഓഫീസർ പറഞ്ഞു.
മതിയായ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം മാത്രമേ ഹോട്ടൽ ഇനി തുറന്നു പ്രവർത്തിക്കാൻ പാടുള്ളുവെന്ന് നോട്ടീസ് നൽകി ഹോട്ടൽ അടപ്പിച്ചതായും അദേഹം അറിയിച്ചു. ഇക്കഴിഞ്ഞ ഒമ്പതിനു വൈകീട്ട് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പത്താം തീയതി പുലർച്ചയോടെ പലർക്കും ഛർദിയും വയറിളക്കവും വയറുവേദനയും പനിയും ഉണ്ടാകാൻ തുടങ്ങി. പലരും ഏറെ അവശനിലയിലായി.
നാലുദിവസമായിട്ടും ഇപ്പോഴും ചികിത്സ തുടരുന്നവരുമുണ്ട്. ആരുടെയും നില ഗുരുതരാവസ്ഥയിലില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും അധികൃതർ പറഞ്ഞു. സംഭവമുണ്ടായി ഒരുദിവസം കഴിഞ്ഞ് വൈകീട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം വിവരമറിഞ്ഞ് ഹോട്ടലിൽ പരിശോധനക്ക് എത്തുന്നത്. അപ്പോഴേക്കും പഴയ സാധനങ്ങളെല്ലാം മാറ്റി ഹോട്ടൽ വൃത്തിയാക്കി. അതിനാൽ തന്നെ ഹോട്ടലിൽ നിന്നും പഴയ സാധനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഫുഡ് സേഫ്റ്റി ഓഫീസർ പറയുന്നു.
വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷിജി ആന്റണിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി.
20 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ഈ എണ്ണം കൂടാനും സാധ്യതയുണ്ട്. വടക്കഞ്ചേരി ടൗണിൽ മാത്രം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു ഡസനിലേറെ ഭക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പരാതിയുണ്ട്.