മിന്നാംപാറ- മാട്ടുമല മേഖലയിൽ പ്ലാസ്റ്റിക് നിർമാർജനവും ഫീൽഡ് യാത്രയും
1591424
Sunday, September 14, 2025 1:15 AM IST
നെല്ലിയാന്പതി: കേരള വനം വന്യജീവി വകുപ്പ്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്,ഡെക്കാത്ത്ലൺ പാലക്കാട് എന്നിവർ ചേർന്ന് ലിവിംഗ് ഓൺ ദി എഡ്ജ് - നമ്മുടെ മണ്ണും നീരും ഏറ്റവും മികച്ചത് അർഹിക്കുന്നു എന്ന സന്ദേശവുമായി നെന്മാറ ഡിവിഷൻ കൊല്ലങ്കോട് റേഞ്ച് തേക്കടി സെക്്ഷനിലെ മിന്നാംപാറ -മാട്ടുമല മേഖലയിൽ പ്ലാസ്റ്റിക് നിർമാർജ്ജനവും ഫീൽഡ് യാത്രയും നടത്തി.
പതിനാലുകിലോമീറ്റർ നടന്നാണ് ഈ സംഘം മാട്ടുമല വ്യൂ പോയിന്റ്, മിന്നാംപാറ വ്യൂ പോയിന്റ് എന്നിവിടങ്ങളിലുമായി വിനോദയാത്രാസംഘങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും സുരക്ഷിതമായി നീക്കം ചെയ്തത്.
ഇതിനു പുറമെ ജീപ്പുകളിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്രികർക്ക് കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്താനുള്ള ബോധവത്കരണവും നൽകി.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എഴുപത്തിയഞ്ചോളം സൈക്കിളിസ്റ്റുകൾ പോത്തുണ്ടി മുതൽ പുലയാംപാറ വരെ നടത്തിയ ബോധവത്കരണ റാലിയുടെ തുടർച്ചയായാണ് മാലിന്യനിർമാർജന പ്രവർത്തനം സംഘടിപ്പിച്ചത്. ഫോർട്ട് പെഡല്ലേഴ്സ് പാലക്കാട് ഭാരവാഹികളായ ജയറാം കൂട്ടപ്ലാവിൽ, എ.ജി. ദിലീപ്, അഡ്വ. ലിജോ പനങ്ങാടൻ, ഡെക്കത്ലോൺ പാലക്കാടിലെ അനിനാസ് ലോറൻസ്, കൊല്ലങ്കോട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ധനേഷ് എന്നിവർ നേതൃത്വം നൽകി.
പരിപാടിയിൽ ആൻ മേരി റോബിൻ, മീനാക്ഷി കെ. ഗ്ലോറിയ, ഗോഡ്ലി എബ്രഹാം, ആർ.എ. അൻസാബ്,രഘു എന്നിവരും സജീവ പങ്കാളികളായി.