മാലിന്യം തള്ളുന്നത് തടയാൻ സ്ഥാപിച്ച കാമറകൾ നോക്കുകുത്തിയായി
1454218
Thursday, September 19, 2024 1:42 AM IST
ഷൊർണൂർ: മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കൊച്ചിൻ പാലത്തിനും റെയിൽവേ മേൽപ്പാലത്തിനുമിടയിലായി നഗരസഭ സ്ഥാപിച്ച കാമറ പ്രവർത്തനരഹിതമായിട്ട് 7 മാസം. ഹാർഡ് ഡിസ്ക് തകരാറിലായതാണ് കാരണം. കാമറ സ്ഥാപിച്ചതിന് താഴെത്തന്നെ വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്.
കാമറയിലെ ദൃശ്യങ്ങൾ നഗരസഭയ്ക്കുപുറമേ പോലീസിനും ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
ഷൊർണൂരിൽ കഴിഞ്ഞമാസങ്ങളിലുണ്ടായ മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണസമയത്തൊന്നും കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ കാമറ അറ്റകുറ്റപണി നടത്തി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയിട്ടില്ലെന്നാണ് പോലീസിന്റെ പരാതി. പരിശോധിക്കാമെന്ന് നഗരസഭാധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. തകരാർ പരിഹരിക്കാൻ കാമറ സ്ഥാപിച്ച കമ്പനിയെ സമീപിച്ചിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.